സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ രാഷ്ട്രീയവിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയവിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍ കുപ്പം സ്വദേശി പി.പി പ്രഭാകരന് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മകനെ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതിനെതിരെയാണ് പി.പി പ്രഭാകരന് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ നിശ്ചയിച്ച അഭിഭാഷകനെ തന്നെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ശേഷം മാറി വന്ന സര്‍ക്കാര്‍ പിന്നോട്ടു പോകുന്നത് തെറ്റ് നടന്നുവെന്ന സംശയത്തിനിടയാക്കുമെന്നും ഇരയുടെ സങ്കടം മറന്നുപോകരുതെന്നും കോടതി പറഞ്ഞു.
രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നാണ് മകനെ കൊന്നതെന്നും വിചാരണക്കോടതിയില്‍ കേസ് നടത്താന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രഭാകരന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
കാസര്‍കോട് ഹോസ്ദുര്‍ഗിലെ അഭിഭാഷകനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ അന്നത്തെ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
ഇതിനിടെ മാറി വന്ന സര്‍ക്കാര്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന പുതിയ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് നടപടി മരവിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."