സ്‌കൂള്‍ പരിസരത്തെ ലഹരിവില്‍പ്പനയും വ്യാപനവും
സ്‌കൂള്‍ പരിസരത്തെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന ലഹരിമരുന്നു വില്‍പ്പനയാണ് വിദ്യാര്‍ഥികളെ പില്‍ക്കാല ദുരന്തത്തിലേയ്ക്കു പിടിച്ചുവലിക്കുന്നത്. സിഗരറ്റും ഹാന്‍സും പാന്‍മസാലയും ബബിള്‍ഗവും മിഠായികളും വൈറ്റ്‌നറുകളുമെല്ലാം ലഹരിയിലേക്ക് റിക്രൂട്ട് ചെയ്യാനും അങ്ങനെ ഒരു തലമുറയെ നശിപ്പിക്കാനും വഴിയൊരുക്കുന്നു. ലഹരിവസ്തുക്കള്‍ ആദ്യം സൗജന്യമായി നല്‍കുകയും ക്രമേണ കുട്ടികളെ അടിമകളാക്കി മാറ്റുകയുമാണ് ഈ ലോബി ചെയ്യുന്നത്.
ചെറുപ്രായത്തില്‍ ആരംഭിക്കുന്ന ലഹരി ഉപയോഗം പില്‍ക്കാലത്തു തിരിച്ചുകയറാന്‍ കഴിയാത്ത അവസ്ഥയിലേക്കു കുട്ടികളെ എത്തിക്കും. വൈറ്റ്‌നര്‍, ഫെവികോള്‍, വാര്‍ണിഷ്, നെയില്‍പോളിഷ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പഞ്ചര്‍ ഒട്ടിക്കുകയും ഗ്ലാസൊട്ടിക്കുകയും ചെയ്യുന്ന പശ എന്നിവയെല്ലാം ലഹരിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ട്. മിഠായിയുടെയും ബബിള്‍ഗത്തിന്റെയും സ്റ്റിക്കറിന്റെയും പേരില്‍തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍വരെ ലഹരിയുടെ ലോകത്ത് കുട്ടികളെ എത്തിക്കുന്നുണ്ട്.
പാന്‍മസാലയില്‍ കവറിനുപുറത്ത് എഴുതിയ വസ്തുക്കള്‍ക്കു പുറമെ നിക്കല്‍, ഗ്ലാസ്പൗഡര്‍, കീടനാശിനി എന്നിവയും ഉപയോഗിക്കുന്നുണ്ട്. വായിലും കവിളിലും ചെറിയ മുറിവുകളുണ്ടാക്കി വിഷാംശങ്ങള്‍ പെട്ടെന്നുതന്നെ രക്തത്തില്‍ കലര്‍ത്താന്‍ വേണ്ടിയാണ് ചില്ലുപൊടി ഉപയോഗിക്കുന്നത്. വായിലും തൊണ്ടയിലും കാന്‍സര്‍ വരുത്താന്‍ പാന്‍മസാല ഉപയോഗം കാരണമാകുന്നു. പലതരം ലഹരിവസ്തുക്കള്‍ കഞ്ചാവ് പൊടി എന്നിവ കലര്‍ത്തി ഡപ്പിയിലാക്കി മൂക്കുപൊടിപോലെ ഉപയോഗിക്കുന്ന പതിവ് പല സ്‌കൂളുകളിലും വ്യാപകമായിട്ടുണ്ട്.
ലഹരിവിറ്റ് മാതാവിനെ കബളിപ്പിക്കുന്നതിന്റെ നേര്‍ചിത്രങ്ങള്‍
റാസിഖ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണു മത്സ്യത്തൊഴിലാളിയായ പിതാവ് മരണപ്പെടുന്നത്. അതോടെ കുടുംബം അനാഥമായി. പ്ലസ് ടുവിനു പഠിക്കുന്ന മൂത്ത സഹോദരിയും പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് അനുജത്തിമാരും ഉമ്മയും. ആ പാവപ്പെട്ട കുടുംബത്തിനെ സഹായിക്കാന്‍ പലരും തയാറായി. റാസിഖും പഠനത്തിനിടയില്‍ തൊഴിലിനിറങ്ങി. കടലില്‍ പോവുന്ന ബോട്ടുകള്‍ക്ക്ുശുദ്ധജലം എത്തിക്കുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമായിരുന്നു ജോലി. പഠനത്തോടൊപ്പം ജോലി തുടരുക എളുപ്പമായിരുന്നില്ല.
ആ കുടുംബത്തെ സഹായിച്ചിരുന്ന ഒരു സ്‌കൂള്‍ ടീച്ചര്‍ റാസിഖിന്റെ പഠനച്ചെലവും ഏറ്റെടുത്തു. അവര്‍ക്കവന്‍ ദത്തുപുത്രനെപ്പോലെയായിരുന്നു. ടീച്ചറുടെ സ്‌കൂളിലേക്ക് അവന്റെ പഠനം മാറ്റി. അവന്‍ വീട്ടിലേയ്ക്കു പോകുമ്പോള്‍ ചെറിയൊരു തുക മാസത്തില്‍ ടീച്ചര്‍ കൊടുത്തുവിടും. റാസിഖ് ആഴ്ചയില്‍ രണ്ടു ദിവസം സ്‌കൂളില്‍നിന്നു നാട്ടില്‍ വരുമ്പോള്‍ തന്റെ പഴയ ജോലിക്കായി കടപ്പുറത്തുപോകും. ഉപ്പയുടെ പരിചയക്കാര്‍ കവറില്‍ മത്സ്യം കൊടുത്ത് അവനെ സഹായിക്കാറുമുണ്ട്. വീട്ടിലെ ആവശ്യത്തിനുള്ളതു മാറ്റിവച്ച് മത്സ്യം വിറ്റ് അല്ലറചില്ലറ പോക്കറ്റ്മണിയും റാസിഖ് ഉണ്ടാക്കാറുണ്ട്.
മോശമല്ലാത്ത നിലയില്‍ അവന്‍ എസ്.എസ്.എല്‍.സി പാസായി. അതേ സ്‌കൂളില്‍തന്നെ ഹയര്‍ സെക്കന്‍ഡറിക്കു ചേര്‍ന്നു. നാട്ടിലെത്തുമ്പോള്‍ കടപ്പുറത്തെ പഴയ കൂട്ടുകാര്‍ ചില വരുമാനമാര്‍ഗങ്ങള്‍ അവനെ പരിചയപ്പെടുത്തി. സ്‌കൂളിലേക്കു പോകുമ്പോള്‍ നാലോ അഞ്ചോ ചെറിയ പൊതി അവര്‍ അവനു നല്‍കും. സ്‌കൂളിലെ കൂട്ടുകാര്‍ക്ക് പൊതിയൊന്നിന് 300 രൂപയ്ക്ക് അവന്‍ വില്‍ക്കും. നല്ല വരുമാനമുള്ള തൊഴില്‍ അവനെ ആകര്‍ഷിച്ചു.
സ്‌കൂളില്‍നിന്നു നാട്ടിലെത്താന്‍ അവനു തിടുക്കമായി. വന്നാല്‍ തിരിച്ചുപോകാനും. വൈകുന്നേരം ഹോസ്റ്റലിലെ ചില കുട്ടികളുമായി കറങ്ങും. പുറത്തു മോശമല്ലാത്ത ബന്ധം അവന്‍ ഉണ്ടാക്കി. ഏകദേശം 36 സ്ഥിരം കസ്റ്റമേഴ്‌സ് റാസിഖിനുണ്ടായി. അവന്റെ പെരുമാറ്റത്തിലെ വ്യത്യാസം വളര്‍ത്തു മാതാവിനു മനസിലാക്കാന്‍ കഴിഞ്ഞില്ല.
ഒരിക്കല്‍ നാട്ടില്‍നിന്നെത്തിയ അവന്റെ ബാഗ് പരിശോധിച്ച ആ അധ്യാപിക പൊട്ടിക്കരഞ്ഞു പോയി. മകനെപ്പോലെ താന്‍ സ്‌നേഹിച്ചു വളര്‍ത്തിയവന്‍ തന്നോടും സ്‌കൂളിനോടും ചെയ്തത് ഇങ്ങനെയാണല്ലോ എന്നത് അവരുടെ കരളു പിളര്‍ക്കുന്ന അനുഭവമായിരുന്നു. എങ്കിലും അവനെ ഉപദേശിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മനഃശാസ്ത്രവിജ്ഞാനം കുറച്ചെല്ലാമുള്ള ആ അധ്യാപികയ്ക്കു കഴിഞ്ഞു. അവന്‍ കഥകള്‍ ഒന്നൊന്നായി പറഞ്ഞു. ഇടത്തരക്കാരും പണക്കാരുമായി കുട്ടികള്‍ തന്നോടു കഞ്ചാവ് വാങ്ങുന്നതും വീട്ടുകാരെ കബളിപ്പിച്ച് ഉപയോഗിക്കുന്നതും അവരില്‍ ചിലര്‍ തന്നെ കാരിയര്‍ ആയി നാട്ടില്‍ വില്‍പ്പന നടത്തുന്നതുമെല്ലാം.
പലപ്പോഴും ആര്‍ഭാടത്തോടെ വീട്ടിലേക്ക് മത്സ്യത്തോടൊപ്പം സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇതെവിടെനിന്ന് എന്നു ചോദിക്കുന്ന ഉമ്മയോട് ഉപ്പയുടെ പഴയ കൂട്ടുകാര്‍ പലരും തനിക്ക് കവര്‍നിറയെ മത്സ്യം തന്നതു വിറ്റ കാശുകൊണ്ടാണെന്നാണ് അവന്‍ പറയാറുണ്ടായിരുന്നത്. അധ്യാപികയോടുള്ള ഏറ്റുപറച്ചില്‍ അവന്റെ മനസ്സിന്റെ ഭാരം കുറച്ചു. ഈ ഘട്ടത്തിലും താന്‍ കഞ്ചാവുപയോഗിച്ചിട്ടില്ലാ എന്നാണ് അവന്‍ പറഞ്ഞത്.
മാതാവിനെയും സഹോദരികളെയും പരിരക്ഷിക്കുക എന്നുള്ളതായിരിക്കാം ഈ കൊടിയ പാപത്തിലും എല്ലാം നിര്‍മ്മലമായി പറയാന്‍ പറ്റുന്ന ആ സ്വഭാവം ഉണ്ടായത്. അവന്റെ മനസ്സില്‍ പാകിയ വിഷവിത്തുകള്‍ പൂര്‍ണമായും പിഴുതെറിയാന്‍ കഴിഞ്ഞില്ലെങ്കിലും അവന്റെ പഠനം ഒരുവിധം നേരായ വഴിയിലേക്ക് എത്തിപ്പെട്ടു. കൂടാതെ ഇത് ഭൂപ്രദേശത്ത് തികഞ്ഞ ജാഗ്രതയും, നിരന്തരമായ പ്രവര്‍ത്തനവും നടത്താന്‍ സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിച്ചു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."