പോത്തോട്ട നിരോധനത്തിനെതിരേ കര്‍ണാടകയും സമരത്തിന്
മംഗളൂരു: ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരേ തമിഴ്‌നാട്ടില്‍ നടത്തിയ പ്രക്ഷോഭ വിജയത്തിനു തൊട്ടു പിന്നാലെ പോത്തോട്ട നിരോധനത്തിനെതിരേ കര്‍ണാടകയിലും പ്രതിഷേധം. നിരോധനം മറികടന്ന് 28 ന് ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദ്രിയില്‍ പോത്തോട്ട മത്സരം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം നടന്ന സംഘാടക സമിതി യോഗത്തിലാണ് മത്സരം നടത്താന്‍ തീരുമാനിച്ചതെന്ന് കമ്പാള സംരക്ഷണ സമിതി പ്രസിഡന്റ് അശോക് റായ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കര്‍ണാടക ഹൈക്കോടതി മത്സരം സംഘടിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കേസിന്റെ അടുത്ത വിധി 30ാം തീയതി വരാനിരിക്കേയാണ് വിലക്ക് അവഗണിച്ച് 28 ന് മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. മത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സിനിമാ നായകന്‍മാരെയടക്കമുള്ളവരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധ റാലിയും സമിതി സംഘടിപ്പിക്കും. കമ്പാള മത്സരം കര്‍ണാടകത്തിന്റെ അവകാശമാണെന്നും ഇതിനുള്ള വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് സംസാരിക്കുമെന്നും കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു. നിരോധനത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലും പോത്തോട്ടമത്സരം ഇപ്പോള്‍ നടക്കുന്നില്ല. കമ്പാളയും ജല്ലിക്കട്ടും കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇത് അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന മത്സരങ്ങളല്ലെന്നും കമ്പാള സംരക്ഷിക്കാന്‍ തെരുവിലേക്കിറങ്ങുന്നവരെ സര്‍ക്കാര്‍ ജയിലിലടച്ചാലും പോരാട്ടം തുടരുമെന്നും മൂഡബിദ്രി എം.എല്‍.എയും മൂഡബിദ്രി കമ്പാള സമിതി പ്രസിഡന്റുമായ കെ അഭയചന്ദ്ര ജെയ്ന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."