കല്‍ക്കരിപ്പാടം അഴിമതി കേസ്: മധു കോഡക്കെതിരായ ശിക്ഷക്ക് 22വരെ സ്റ്റേ
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡക്കെതിരേ സി.ബി.ഐ പ്രത്യേക കോടതി വിധിച്ച ശിക്ഷ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.
മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷയും 25 ലക്ഷം രൂപ പിഴയൊടുക്കാനുമായിരുന്നു ഡിസംബര്‍ 16ന് വിചാരണ കോടതി വിധിച്ചിരുന്നത്. എന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനും പിഴയൊടുക്കുന്നതിനും കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ജനുവരി 22വരെ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതു വരെ മധു കോഡയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ജസ്റ്റിസ് അനു മല്‍ഹോത്ര ഉത്തരവിട്ടു. രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഹൈക്കോടതി മുന്‍പാകെ തന്റെ അപ്പീല്‍ പരിഗണിക്കുന്നത് വരെ വിധി നടപ്പാക്കരുതെന്നും സ്ഥിരം ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കോഡയുടെ അപ്പീല്‍ സി.ബി.ഐ അഭിഭാഷക കോടതിയില്‍ എതിര്‍ത്തെങ്കിലും ഇടക്കാല ജാമ്യത്തെ സി.ബി.ഐ എതിര്‍ത്തില്ല.
രാജ്ഹറ കല്‍ക്കരിപ്പാടം വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗിന്(വിസുല്‍)അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്നതാണ് കേസ്. കേസില്‍ വിസുല്‍ 50 ലക്ഷം രൂപ പിഴയൊടുക്കണമെന്ന വിചാരണ കോടതി വിധിയും 22വരെ സ്റ്റേ ചെയ്തിട്ടുണ്ട്.
മധു കോഡയ്ക്കു പുറമെ, കല്‍ക്കരിമന്ത്രാലയം മുന്‍ സെക്രട്ടറി എച്ച്.സി ഗുപ്ത, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ.കെ ബസു എന്നിവരും കുറ്റക്കാരാണെന്ന് ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ മൂവരും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അഴിമതി തടയല്‍ നിയമപ്രകാരവും ഐ.പി.സിയിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നത്.
കേന്ദ്രത്തില്‍ യു.പി.എ അധികാരത്തിലിരുന്ന 2004-2009 കാലയളവിലായിരുന്നു രാജ്ഹര നോര്‍ത്ത് കല്‍ക്കരിപ്പാടത്തിന് ഖനനാനുമതി ലഭിച്ചത്. വേണ്ടത്ര സുതാര്യതയില്ലാതെ നടന്ന കല്‍ക്കരിപ്പാടം ലേലത്തില്‍ സര്‍ക്കാര്‍ ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് 2015ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തിരുന്നു.
കല്‍ക്കരിപ്പാടം ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 1993 മുതല്‍ അനുവദിച്ച മുന്നൂറോളം ലൈസന്‍സുകള്‍ സുപ്രിം കോടതി 2014ല്‍ റദ്ദാക്കിയിരുന്നു.
വിവാദത്തില്‍പ്പെട്ട കമ്പനിക്ക് അനുകൂലമായി നടപടിക്രമങ്ങള്‍ ലംഘിച്ച് അനുമതിനേടിയെടുത്തെന്നും ഇതിനായി എച്ച്.സി ഗുപ്തയും മധുകോഡയും ഗൂഢാലോചന നടത്തിയെന്നുമാണ് സി.ബി.ഐ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."