അസ്താന: നേരിട്ടുള്ള ചര്‍ച്ച നടന്നില്ല; വിമത ലക്ഷ്യം വെടിനിര്‍ത്തല്‍
അസ്താന: സിറിയന്‍ സമാധാന ചര്‍ച്ചയില്‍ ഇന്നലെ നേരിട്ടുള്ള ചര്‍ച്ച നടന്നില്ല. സിറിയന്‍ സര്‍ക്കാരും വിമതരും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയാണ് ഇന്നലെ നടക്കാതിരുന്നത്. സിറിയയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് സാഹര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് വിമതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും തങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള ഒരു ചര്‍ച്ച ഇന്നലെ ഉണ്ടായില്ലെന്നാണ് വിമത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. റഷ്യയുടെ നേതൃത്വത്തില്‍ കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ തുര്‍ക്കിയും ഇറാനും സജീവമായി പങ്കെടുക്കുന്നുണ്ട്. സിറിയയില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യയും തുര്‍ക്കിയും മുന്‍കൈയെടുത്ത് അസ്താനയില്‍ സമാധാന ചര്‍ച്ചക്ക് കളമൊരുക്കിയത്.
ഇന്നലെ തങ്ങള്‍ക്കും സിറിയന്‍ സര്‍ക്കാരിനും ഇടയില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ലെന്ന് പ്രതിപക്ഷ വക്താവായ യഹ്‌യ അല്‍ അരീദിയും വ്യക്തമാക്കി. റഷ്യയും തുര്‍ക്കിയും മുന്‍കൈയെടുത്ത് ഡിസംബര്‍ 30ന് നടപ്പാക്കിയ വെടിനിര്‍ത്തല്‍ സിറിയന്‍ സര്‍ക്കാര്‍ ലംഘിക്കുകയാണ്. ചര്‍ച്ചകളെ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് ഗൗരവത്തോടെ സമീപിക്കണമെന്നും എന്നാല്‍ മാത്രമേ ക്രിയാത്മകമായ തീരുമാനങ്ങള്‍ ഉരുത്തിരിയൂവെന്നും യഹ്‌യ ഓര്‍മിപ്പിച്ചു. സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇതേ ആരോപണം വിമതര്‍ക്കെതിരേ ഉന്നയിച്ചു. സിറിയന്‍ സര്‍ക്കാര്‍ സംഘത്തെ നയിക്കുന്ന ബഷര്‍ അല്‍ ജാഫരിയാണ് ആരോപണം ഉന്നയിച്ചത്. ദമസ്‌കസിലേക്ക് വെള്ളമെത്തിക്കുന്ന തന്ത്രപ്രധാനമായ വാദി ബറദ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാറിന് തുരങ്കംവയ്ക്കുന്ന പരിപാടികളാണ് വിമതര്‍ നടത്തുന്നതെന്ന് ജാഫരി വ്യക്തമാക്കി. വിമതര്‍ പ്രതിനിധീകരിക്കുന്നത് സായുധതീവ്രവാദികളെയാണെന്നും അസ്താന ചര്‍ച്ചയില്‍ അജണ്ടയുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ലെന്നും ബഷര്‍ അല്‍ ജാഫരി വെളിപ്പെടുത്തി.
സിറിയന്‍ സര്‍ക്കാരിനും വിമതര്‍ക്കുമിടയില്‍ നേരിട്ടുള്ള ചര്‍ച്ചക്ക് അസ്താനയില്‍ കളമൊരുങ്ങാത്തത് ചര്‍ച്ചയുടെ ഫലപ്രാപ്തിയില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ഇരുവിഭാഗവും മുഖാമുഖം വരാതെ ഏത് രീതിയില്‍ ചര്‍ച്ച ഫലപ്രദമാവുമെന്നാണ് നയതന്ത്രവിദഗ്ധര്‍ ചോദിക്കുന്നത്. ചര്‍ച്ചയില്‍ ഉടനടി എന്തെങ്കിലും ഫലപ്രാപ്തി ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് തുര്‍ക്കി ഉപ പ്രധാനമന്ത്രി നുമാന്‍ കുര്‍തുല്‍മസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്തവരാണ് ചര്‍ച്ചക്കായി ഇരിക്കുന്നതെന്ന് നാം ഓര്‍ക്കണം. ഒന്ന് രണ്ടു ദിവസത്തിനകം എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് നാം പ്രതീക്ഷിക്കരുതെന്നും നുമാന്‍ സൂചന നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."