ബ്ലാസ്റ്റേഴ്‌സില്‍ പൊട്ടിത്തെറി; മ്യൂളന്‍സ്റ്റീന്‍ പുറത്ത്
കൊച്ചി: മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ പരിശീലന പെരുമയുമായി വന്ന റെനെ മ്യൂളന്‍സ്റ്റീന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പടിയിറങ്ങി. ഐ.എസ്.എല്ലിന്റെ നാലാം പതിപ്പില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് മുഖ്യപരിശീലകനായ റെനെയുടെ രാജി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെനെയുടെ രാജിയെന്നും, ടീം മാനേജുമെന്റുമായി ചേര്‍ന്നെടുത്ത തീരുമാനമാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍, റെനെയുടെ രാജി മാനേജ്‌മെന്റ് ചോദിച്ചു വാങ്ങുകയായിരുന്നുവെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ നിന്ന് ലഭിക്കുന്ന വിവരം.
വമ്പന്‍ പരാജയത്തിന്റെ പേരില്‍ രണ്ടാം പതിപ്പില്‍ പീറ്റര്‍ ടെയ്‌ലര്‍ക്ക് സംഭവിച്ച അതേഗതികേട് തന്നെ റെനെ മ്യൂളന്‍സ്റ്റീനെയും തേടിയെത്തി. എ.ടി.കെയ്‌ക്കെതിരേ കൊച്ചിയില്‍ ഉദ്ഘാടന മത്സരത്തില്‍ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെ സൈഡ് ബെഞ്ചില്‍ ഇരുത്തിയത് മുതല്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് ബംഗളൂരു എഫ്.സിയ്‌ക്കെതിരേയുള്ള വമ്പന്‍ തോല്‍വിയോടെ പൂര്‍ണതയില്‍ എത്തിയത്.
മാര്‍ക്ക് സിഫ്‌നിയോസ്, ദിമിത്രി ബെര്‍ബറ്റോവ് എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കി ഹ്യൂമിനെ തുടര്‍ച്ചയായി സൈഡ് ബെഞ്ചിലാക്കിയതോടെ മാനേജ്‌മെന്റുമായ ഇടയല്‍ പാരമ്യത്തിലെത്തി. ഗോവയ്‌ക്കെതിരായ 5-2 തോല്‍വിയോടെ പ്രശ്‌നം രൂക്ഷമായി. മാനേജ്‌മെന്റിന്റെ അഭിപ്രായത്തിന് വിലകല്‍പ്പിക്കാത്ത കോച്ചിനെതിരേ ബംഗളൂരു എഫ്.സിയോടേറ്റ 3-1 ന്റെ തോല്‍വി അവര്‍ ആയുധമാക്കി.
പ്രമുഖ താരങ്ങള്‍ ഇല്ലാതെ വന്നതോടെയാണ് ബി.എഫ്.സിയ്‌ക്കെതിരേ ആദ്യ ഇലവനില്‍ ഹ്യൂമിന് കളത്തിലിറങ്ങാനായത്. മികച്ച ഫോമിലായിരുന്ന സി.കെ വിനീതിനെ ബി.എഫ്.സിയ്‌ക്കെതിരേ സൈഡ് ബെഞ്ചില്‍ പോലും ഇടംനല്‍കാത്തതും പോര് രൂക്ഷമാവാന്‍ കാരണമായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സഹപരിശീലകനായിരുന്നു റെനെ അലക്‌സ് ഫെര്‍ഗൂസന്‍ മുഖ്യപരിശീലകനായിരിക്കേ 12 വര്‍ഷം ഒപ്പം നിന്നു. ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളുടെയും പരിശീലകനായി.
2017 ജൂലൈയില്‍ ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്. ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ടീമിലേക്ക് തിരഞ്ഞെടുത്തതും സ്‌പെയിനിലെ വിദേശ പരിശീലനം ഉള്‍പ്പെടെ തീരുമാനിച്ചു നടപ്പാക്കിയതും റെനെയുടെ നിര്‍ദേശത്തിലായിരുന്നു. റെനെ മുന്‍കൈയെടുത്താണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരങ്ങളായിരുന്ന ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍ എന്നിവരെ ടീമില്‍ എത്തിച്ചതും. മാഞ്ചസ്റ്റര്‍ ശൈലി പിന്തുടരാനായിരുന്നു റെനെ ശ്രമിച്ചത്. ക്ലീന്‍ ഷീറ്റിനൊപ്പം താരങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുകയെന്ന നയം. കളിക്കളത്തില്‍ മാത്രം റെനെയുടെ മോഹം നടപ്പായില്ല. ഗോളില്ലാത്ത വിരസമായ സമനിലകള്‍. രണ്ടു വമ്പന്‍ തോല്‍വികള്‍. ഒരു ജയം മാത്രം. താളം നഷ്ടപ്പെട്ടു കിതയ്ക്കുന്ന ടീമിനും റെനെയ്ക്കുമെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പത്ത് ഗോളുകള്‍ വാങ്ങി കൂട്ടിയ ടീം തിരിച്ചടിച്ചത് ആറ് എണ്ണം മാത്രം.
ലീഗില്‍ എട്ടാം സ്ഥാനം. 2015 ലെ അതേ അവസ്ഥയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ സ്ഥിതി. ഇംഗ്ലണ്ട് അണ്ടര്‍ 20 ടീം പരിശീലകനായിരുന്ന പീറ്റര്‍ ടെയ്്‌ലര്‍ക്ക് അപമാനിതനായാണ് മടങ്ങേണ്ടി വന്നത്. ആദ്യ രണ്ട് കളികളില്‍ ജയച്ച ശേഷം തുടരെ നാല് തോല്‍വികള്‍ ഏറ്റുവാങ്ങി. സഹപരിശീലകന്‍ ട്രെവര്‍ മോര്‍ഗന് താല്‍ക്കാലിക ചുമതല കൈമാറി ടെയ്‌ലറെ മാനേജ്‌മെന്റ് ഇംഗ്ലണ്ടിലേക്ക് കെട്ടുകെട്ടിച്ചു.
ബ്ലാസ്്‌റ്റേഴ്‌സ് ഗ്രാസ്‌റൂട്ട് പരിശീലകനായിരുന്ന ടെറി ഫെലാന്‍ മുഖ്യപരിശീലക സ്ഥാനത്തേക്ക് വന്നു. പരാജയത്തിന്റെ വാരിക്കുഴിയില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിന് കരകയറാനായില്ല. ലീഗില്‍ അവസാന സ്ഥാനക്കാരായി മഞ്ഞളിച്ചു. റെനെയുടെ പകരക്കാരനെ ഇന്നു തന്നെ തീരുമാനിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. പൂനെ സിറ്റി എഫ്.സിയ്‌ക്കെതിരേയാണ് കൊച്ചിയില്‍ നാളെ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."