തുര്‍ക്കി ഉല്‍പന്നങ്ങള്‍ ഖത്തറില്‍ നിന്നും വാങ്ങാം
ദോഹ: പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് ഖത്തര്‍ പോസ്റ്റര്‍ സര്‍വീസ് കമ്പനി തുടക്കമിട്ടു. ദി ടര്‍ക്കിഷ് സൂഖ് എന്ന പേരിലുള്ള പുതിയ പ്ലാറ്റ്‌ഫോം പുറത്തിറക്കല്‍ ചടങ്ങില്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി, ഖത്തര്‍ പോസ്റ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫലാഹ് അല്‍ നഈമി, ടര്‍ക്കിഷ് പോസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ കെനാന്‍ ബോസ്‌ഗെയ്ക്, തുര്‍ക്കി അംബാസഡര്‍ ഫിക്‌റിത് ഒസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഖത്തര്‍ പോസ്റ്റും തുര്‍ക്കി പോസ്റ്റും ചേര്‍ന്നുള്ള പങ്കാളിത്തത്തോടെ നടത്തുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി തുര്‍ക്കിഷ് ഉല്‍പന്നങ്ങള്‍ വാങ്ങാനാവും. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ഉപകരണങ്ങള്‍, വാഹന പാര്‍ട്‌സുകള്‍ തുടങ്ങിയവ 50 റിയാല്‍ ഡെലിവറി റേറ്റ് ഈടാക്കിയാണ് ലഭ്യമാവുക. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിയും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ചേര്‍ന്ന് അടിസ്ഥാനമിട്ട ശക്തമായ ഖത്തര്‍ തുര്‍ക്കി ബന്ധത്തില്‍ പോസ്റ്റിന് പുറമേ ഗതാഗതം, തുറമുഖം, വ്യോമയാനം തുടങ്ങി വിവിധ മേഖലകളിലെ സഹകരണമുണ്ടെന്ന് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു. പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ബന്ധങ്ങളിലും മികവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ അമേരിക്കയില്‍ നിന്നും യു.കെയില്‍ നിന്നും ഖത്തറിലെ ജനങ്ങള്‍ക്ക് സാധനങ്ങള്‍ ഇ-കൊമേഴ്‌സ് വഴി വാങ്ങാനായിരുന്നുവെങ്കില്‍ ഇനി തുര്‍ക്കിയില്‍ നിന്നുകൂടി അതിനുള്ള സൗകര്യം ലഭ്യമായിരിക്കുകയാണെന്ന് ഫലാഹ് അല്‍ നഈമി പറഞ്ഞു. ഏത് സാധനം വാങ്ങാനും വീട്ടിലോ ഓഫിസിലോ ബീച്ചിലോ ഇരുന്നാല്‍ മതിയാകുമെന്നത് വലിയ കാര്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഹയില്‍ നിന്നും എവിടേക്കും പോകാതെ ഇസ്താംബൂളിലെ ഗ്രാന്റ് ബസാറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറും തുര്‍ക്കിയും തമ്മിലുള്ള സഹകരണത്തിന്റെ ആദ്യ ഘട്ടമാണിതെന്നും തുടര്‍ ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും സഹായകമാകുന്ന സേവനങ്ങള്‍ ഇ-കൊമേഴ്‌സ് വഴി നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. ഖത്തര്‍ ഉല്‍പന്നങ്ങള്‍ ഇ-കൊമേഴ്‌സ് വഴി തുര്‍ക്കിയില്‍ വില്‍പ്പന നടത്താനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും ഖത്തര്‍ പോസ്റ്റാണ് പദ്ധതികളുടെ ഹൃദയമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."