നദാല്‍, സെറീന ക്വാര്‍ട്ടറില്‍
മെല്‍ബണ്‍: പ്രീ ക്വാര്‍ട്ടറിലെ കടുത്ത വെല്ലുവിളികള്‍ അതിജീവിച്ച് മുന്‍ ചാംപ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍, കാനഡയുടെ മിലോസ് റാവോനിക്ക്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ബെല്‍ജിയം താരം ഡേവിഡ് ഗോഫിന്‍ എന്നിവര്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തി.
വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ്, ബ്രിട്ടന്റെ ജോഹന്ന കോണ്ട, ക്രൊയേഷ്യയുടെ ലസിക്ക് ബറോനി, ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ എന്നിവര്‍ അവസാന എട്ടിലെത്തി.
ഫ്രഞ്ച് താരം ഗെയ്ല്‍ മോണ്‍ഫില്‍സിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മുന്‍ ലോക ഒന്നാം നമ്പറും മുന്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ചാംപ്യനുമായ റാഫേല്‍ നദാല്‍ വിജയം പിടിച്ചത്. നാലു സെറ്റു നീണ്ട പോരാട്ടത്തില്‍ 6-3, 6-3, 4-6, 6-4 എന്ന സ്‌കോറിനാണ് നദാലിന്റെ വിജയം. 2015ലെ ഫ്രഞ്ച് ഓപണിനു ശേഷം ആദ്യമായാണ് നദാല്‍ ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. കരിയറില്‍ ഇതു ഒന്‍പതാം തവണയാണ് നദാല്‍ ആസ്‌ത്രേലിയന്‍ ഓപണിന്റെ ക്വാര്‍ട്ടര്‍ കാണുന്നത്.
നൊവാക് ദ്യോക്കോവിചിനെ അട്ടിമറിച്ച് ശ്രദ്ധേയനായ ഉസ്‌ബെകിസ്ഥാന്‍ താരം ഡെനിസ് ഇസ്റ്റോമിന്റെ അത്ഭുത കുതിപ്പിനു വിരാമമിട്ടാണ് ഗ്രിഗറി ദിമിത്രോവിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. എളുപ്പം കീഴടങ്ങാന്‍ കൂട്ടാക്കാതെ പൊരുതിയാണ് ഇസ്റ്റോമിന്‍ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 2-6, 7-6 (7-2), 6-2, 6-1.
സ്പാനിഷ് താരം ബൗറ്റിസ്റ്റ അഗുറ്റിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണ് കനേഡിയന്‍ താരം മിലോസ് റാവോനിക്കിന്റെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം. ഈ പോരാട്ടവും നാലു സെറ്റുകള്‍ നീണ്ടു. 7-6 (8-6), 3-6, 6-4, 6-1. ക്വാര്‍ട്ടറില്‍ നദാലിനെയാണ് റാവോനിക്ക് നേരിടുക.
ഓസ്ട്രിയന്‍ യുവ താരം ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയാണ് ഗോഫിന്‍ അവസാന എട്ടിലെത്തിയത്. ഗോഫിനും ഓസ്ട്രിയന്‍ താരത്തിന്റെ പോരാട്ട വീര്യത്തെ അതിജീവിച്ച് നാലു സെറ്റ് മത്സരത്തിലാണ് വിജയം പിടിച്ചത്. സ്‌കോര്‍: 5-7, 7-6 (7-4), 6-2, 6-2. ക്വാര്‍ട്ടറില്‍ ദിമിത്രോവാണ് ഗോഫിന്റെ എതിരാളി.
ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവയെ അനായാസം മറികടന്നാണ് നിലവിലെ കിരീട ജേതാവും ലോക രണ്ടാം നമ്പറുമായ സെറീന വില്ല്യംസ് ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്‌കോര്‍:7-5, 6-4.
റഷ്യന്‍ താരം ഏക്തറീന മകരോവയെ പരാജയപ്പെടുത്തിയാണ് ജൊഹന കോണ്ടെയുടെ മുന്നേറ്റം. സ്‌കോര്‍: 6-1, 6-4.
ക്രൊയേഷ്യന്‍ താരം ലസിക്ക് ബറോനി 6-4, 6-2 എന്ന സ്‌കോറിനു അമേരിക്കന്‍ താരം ജനിഫര്‍ ബ്രാഡിയെ വീഴ്ത്തി.
ആസ്‌ത്രേലിയന്‍ താരം ഗ്വരിലോവയെ പരാജയപ്പെടുത്തിയാണ് ചെക്ക് റിപ്പബ്ലിക്ക് താരം പ്ലിസ്‌കോവ അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 6-3, 6-3.
ക്വാര്‍ട്ടറില്‍ ജൊഹന്ന കോണ്ട- സെറീന വില്ല്യംസ്, പ്ലിസ്‌കോവ- ലസിക്ക് ബറോനി പോരാട്ടങ്ങള്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."