ഇ ഹെല്‍ത്ത് പദ്ധതി ആദ്യഘട്ടത്തില്‍ ഏഴു ജില്ലകളില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്നവരുടെ രോഗവും ചികിത്സയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രീകൃത കംപ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഇ ഹെല്‍ത്ത് (ജീവന്‍രേഖ) പദ്ധതിക്ക് നാളെ തുടക്കമാവും.
തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടമായി മറ്റ് ഏഴു ജില്ലകളില്‍ കൂടി നടപ്പാക്കും. രണ്ടുവര്‍ഷം കൊണ്ട് ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 96.12 കോടിയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. തുടക്കത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ മൂന്നാംഘട്ടത്തില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കയറിയും വിവര ശേഖരണം നടത്തും. വ്യക്തികളുടെ ആധാര്‍, വോട്ടര്‍ ഐ.ഡി തുടങ്ങിയ ഏതെങ്കിലും ആധികാരിക നമ്പര്‍ ബന്ധിച്ചാവും ഇ ഹെല്‍ത്ത് നടപ്പില്‍ വരുത്തുക. നേരിട്ടും സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്രീകൃത സര്‍വറില്‍ സൂക്ഷിക്കും. ഓരോ പൗരന്റെയും ചികിത്സാ രേഖകള്‍ കേന്ദ്രീകൃത ഡാറ്റാബേസില്‍ ലഭ്യമാക്കുക വഴി സര്‍ക്കാരിന് കീഴിലുള്ള അലോപ്പതി ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളില്‍ തടസ്സമില്ലാതെ തുടര്‍ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഡിജിറ്റലാകുന്നതോടെ ഒ.പി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, എക്സ്റേ എന്നിവിടങ്ങളിലെ തിരക്കും കാലതാമസവും ഇല്ലാതാക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള വിവിധ ആരോഗ്യേ കേന്ദ്രങ്ങള്‍ ഒറ്റ ശൃംഖലയായി മാറും. തിരുവനന്തപുരം ജില്ലയിലെ വേളി, ചെറുന്നിയൂര്‍, ഉഴമലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, വെള്ളനാട്, മണമ്പൂര്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ചിറയിന്‍കീഴ്, ഫോര്‍ട്ട് താലൂക്ക് ആശുപത്രികള്‍, പേരൂര്‍ക്കട ജില്ലാ ആശുപത്രി, തൈക്കാട് വിമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രി, സ്റ്റേറ്റ് ടി.ബി സെന്റര്‍, പബ്ലിക് ഹെല്‍ത്ത് ലാബ്, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നാളെ വൈകിട്ട് പേരൂര്‍ക്കട ജില്ലാ മോഡല്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."