വേണം, തൃക്കുടമണ്ണ ക്ഷേത്രക്കടവില്‍ കോണ്‍ക്രീറ്റ് പാലം
മുക്കം: തൃക്കുടമണ്ണ ക്ഷേത്രക്കടവില്‍ കോണ്‍ക്രീറ്റ് പാലം വേണമെന്നാവശ്യത്തിനു ശക്തിയേറുന്നു. ശിവരാത്രി ദിവസം പതിനായിരങ്ങള്‍ ഈ ക്ഷേത്രത്തിലെത്താറുണ്ട്. മറ്റു ദിവസങ്ങളിലും അയല്‍ ജില്ലകളില്‍ നിന്നു പോലും നിരവധി ഭക്തര്‍ ഇവിടെയെത്തും. പുഴക്കടവില്‍ ഏതു മലവെള്ളപ്പാച്ചിലിലും തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രത്തിലേക്ക് എത്തിപ്പെടുന്നതിനായി ഇപ്പോള്‍ ഒരു താല്‍ക്കാലിക നടപ്പാത മാത്രമാണുള്ളത്. തൊട്ടു മുകളിലായി ഒരു തൂക്കുപാലവുമുണ്ട്. നടപ്പാതയിലൂടെയും തൂക്കുപാലത്തിലൂടെയുമുള്ള യാത്ര സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് ഏറെ അപകടം നിറഞ്ഞതാണ്. അതിനാല്‍ ഇവിടെ സുരക്ഷിതമായ കോണ്‍ക്രീറ്റ് പാലം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
മുക്കം നഗരസഭയേയും കാരശ്ശേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന കടവുകൂടിയാണിത്. തൃക്കുടമണ്ണ കടവില്‍ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയെയും മറ്റും സമീപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയും. കടവിനു 500 മീറ്റര്‍ താഴെയായി മുക്കം കടവ് പാലമുള്ളതാണ് ഇവിടെ പാലം വരുന്നതിന് പ്രധാന തടസം. പാലം യാഥാര്‍ഥ്യമായാല്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തടപ്പറമ്പ് നിവാസികള്‍ക്ക് മുക്കവുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."