വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രെ
എടച്ചേരി: വേനല്‍ക്കാലം വരാനിരിക്കുന്നതേയുള്ളൂ.കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കിണറുകളും, തോടുകളും, പുഴകളും വറ്റിത്തുടങ്ങി. ഒരിക്കലും വെള്ളം വറ്റാത്ത നാട്ടിന്‍ പുറങ്ങളിലെ പുഴയോര പ്രദേശങ്ങളില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം വരള്‍ച്ച രൂക്ഷമാവും എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഈ കാഴ്ച സൂചിപ്പിക്കുന്നത്. പോയ വര്‍ഷം ജലത്തിന് വേണ്ടി ആളുകള്‍ മണിക്കൂറുകളോളം വരി നില്‍ക്കുന്ന കാഴ്ച മിക്കയിടങ്ങളിലും നാം കണ്ടതാണ്.
ഇത്തവണ ഒരിറ്റു വെള്ളത്തിനായുള്ള ക്യൂവിന്റെ നീളം ഒരുപാട് വര്‍ധിക്കാനാണ് സാധ്യത. ഇപ്രാവശ്യവും മഴ കുറവ് തന്നെയെന്നാണ് പൊതുവെ വിലയിരുത്തുന്നത്.അതേ സമയം ഒരു പരിധി വരെ ശക്തമായി ലഭിച്ച മഴയാവട്ടെ കാലം തെറ്റിയുമാണ് പെയ്തത്. ഇത് കാരണം കിണര്‍, തോട്, പുഴ തുടങ്ങി പ്രധാന ജലസ്രോതസുകളില്‍ ഇപ്രാവശ്യം വലിയ വര്‍ധനവുണ്ടായില്ല. പുഴകള്‍ ഇട മുറിയാന്‍ തുടങ്ങി. കുളങ്ങളിലും തോടുകളിലും ജലനിരപ്പ് ക്രമാതീതമായി വറ്റിത്തുടങ്ങി. വരാനിരിക്കുന്നത് ഭയാനകരമായ കൊടും വരള്‍ച്ചയാണ്.കഴിഞ്ഞവര്‍ഷം വരള്‍ച്ചയുടെ മുന്നോടിയായി ജില്ലാ ഭരണകൂടം ചില മുന്‍കരുതലുകള്‍ എടുത്തിരുന്നുവെങ്കിലും പൂര്‍ണമായും വിജയിച്ചില്ല. സുപ്രഭാതം പത്രം കഴിഞ്ഞ വര്‍ഷം നടത്തിയ ' കരുതി വയ്ക്കാം ഒരു തുള്ളി കൂടി ' എന്ന കാംപയിന്റെ ഭാഗമായി അധികൃതര്‍ ഇക്കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിരുന്നു.
ജില്ലയിലെ മുഴുവന്‍ കുളങ്ങളുടെയും, പാറമടകളുടെയും കണക്കെടുപ്പ് നടത്തി. വിസ്തീര്‍ണം, നിലവിലെ അവസ്ഥ, ജി.പി.ആര്‍.എസ് ലൊക്കേഷന്‍, ഉടമസ്ഥത തുടങ്ങിയ കാര്യങ്ങളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ വഴി ശേഖരിച്ചത്.സംരക്ഷിക്കാന്‍ ആളില്ലാതെ നാശത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന കുളങ്ങളും,തോടുകളും, പാറക്കുളങ്ങളും ഉള്‍പ്പെടെ നിരവധി ജലസ്രോതസ്സുകളുടെ വിവരം സുപ്രഭാതം അന്ന് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
വിവിധ പ്രദേശങ്ങളിലെ തോടുകളുടെ ഇരുകരകളിലുമുള്ള കാടുകള്‍ വെട്ടിത്തെളിക്കുക ,തോടുകള്‍ക്ക് സംരക്ഷണഭിത്തി നിര്‍മ്മിക്കുക ,തോട്ടിലെ ചളികളും മാലിന്യങ്ങളും നീക്കുക, മീറ്ററുകളോളം ആഴവും, വിസ്തീര്‍ണവുമുള്ള പാറക്കുളങ്ങള്‍ ശുദ്ധീകരിച്ച് അതിന് ചുറ്റും മതിലുകള്‍ നിര്‍മ്മിക്കുക തുടങ്ങിയ പദ്ധതികള്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് നടപ്പിലാക്കാവുന്നതാണ്.
ജില്ലയിലെ വിവിധ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങളുടെ പരിധിയില്‍ വരുന്ന ജലസ്രോതസുകളുടെ വിവരങ്ങള്‍ മേലധികൃതര്‍ ശേഖരിച്ചതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്, നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയിലെ ഇത്തരം ജലസംഭരണികള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറെ താല്‍പര്യമുണ്ടെങ്കിലും ഇതിന് വേണ്ടി വരുന്ന വന്‍ സാമ്പത്തിക ബാധ്യത അവരെ പിന്തിരിപ്പിക്കുകയാണ്. വരാന്‍ പോകുന്ന അതിരൂക്ഷമായ ജലക്ഷാമത്തിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ കൃത്യമായ ആലോചനകള്‍ നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ഇനിയുള്ള നാളുകളില്‍ കാണാന്‍ പോകുന്ന ദാഹജലത്തിനായുള്ള പൊതു ജനങ്ങളുടെ നെട്ടോട്ടം കുറക്കുവാന്‍ സാധിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."