രവീന്ദ്രന്‍ തമ്പിയുടെ നിര്യാണം: വിടപറഞ്ഞത് വയനാടിനെ നെഞ്ചേറ്റിയ കലക്ടര്‍
കല്‍പ്പറ്റ: വയനാടന്‍ ജനത നെഞ്ചോടുചേര്‍ത്ത ജില്ലാ ഭരണാധികാരിയായിരുന്നു ഞായറാഴ്ച തിരുവനന്തപുരത്ത് അന്തരിച്ച ടി. രവീന്ദ്രന്‍ തമ്പി. രണ്ടുതവണയായി മൂന്നുവര്‍ഷത്തോളം മാത്രമാണ് ജില്ലാ കലക്ടറുടെ പദവിയിലുണ്ടായിരുന്നതെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസവും ആദരവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. ജില്ലയുടെ ചരിത്രത്തില്‍ ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിച്ച പ്രഥമ കലക്ടറായാണ് രവീന്ദ്രന്‍ തമ്പി അറിയപ്പെടുന്നത്.
ജനങ്ങള്‍ക്ക് ഏതാവശ്യത്തിനും ഏപ്പോഴും പ്രാപ്യനായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വയനാടിനെയും വയനാട്ടുകാരെയും രവീന്ദ്രന്‍ തമ്പി അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്നു. ഈ സ്‌നേഹം അടയാളപ്പെടുത്തുന്നതിനാണ് അദ്ദേഹം തിരുവന്തപുരം മ്യൂസിയം വളപ്പിലെ വീടിനോടുചേര്‍ന്നുള്ള ഔട്ട്ഹൗസിന് 'വയനാട് 'എന്ന് നാമകരണം ചെയ്തതുപോലും.
വയനാടിന്റെ പൊതുവായ താത്പര്യങ്ങള്‍ക്കൊത്ത് രവീന്ദ്രന്‍ തമ്പി ചുവടുവച്ചതാണ് ജില്ലയിലെ അമൂല്യമെന്ന് വിശേഷിപ്പിക്കാവുന്ന പൈതൃകസമ്പത്തായ എടക്കല്‍ ഗുഹയുടെയും അതിലെ പാറച്ചിത്രങ്ങളുടെയും സംരക്ഷണത്തിനു ഒരളവോളം ഉതകിയത്.
അമ്പലവയലിലെ വയനാട് പൈതൃക മ്യൂസിയത്തിന്റെ യഥാര്‍ഥ ശില്‍പിയും രവീന്ദ്രന്‍ തമ്പിയാണ്. അമ്പുകുത്തി മലയില്‍ കരിങ്കല്‍ ഖനം നിരോധിച്ച് എടക്കല്‍ ഗുഹയുടെ സമ്പൂര്‍ണനാശം ഒഴിവാക്കിയതിലൂടെ രവീന്ദ്രന്‍ തമ്പി എന്ന ചരിത്രസ്‌നേഹി വയനാടിനും കേരളത്തിനും മാത്രമല്ല, ലോകത്തിനാകെയാണ് വിലമതിക്കാനാകാത്ത സംഭവന നല്‍കിയത്.
തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ എന്ന നിലയില്‍ രവീന്ദ്രന്‍ തമ്പി തന്റേടം കാട്ടിയിരുന്നില്ലെങ്കില്‍ എടക്കല്‍ ഗുഹ എന്നോ കഥാവശേഷമാകുമായിരുന്നു. നിബിഡ വനത്തിലടക്കം ചിതിറക്കിടന്നിരുന്ന, വയനാടിന്റെ ചരിത്ര-സാംസ്‌കാരിക ശേഷിപ്പുകളാണ് രവീന്ദ്രന്‍ തമ്പിയുടെയും ചരിത്രകാരന്മാരായ ഡോ.എം.ആര്‍ രാഘവവാര്യര്‍, ഡോ.എം.ജി.എസ് നാരായണന്‍, ഡോ. രാജന്‍ ഗുരുക്കള്‍, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരായ തോമസ് അമ്പലവയല്‍, കെ.പി. അബ്ദുല്‍ വഹാബ്, എന്‍. ബാദുഷ തുടങ്ങിയവരുടെയും ശ്രമഫലമായി പില്‍ക്കാലത്ത് വയനാട് പൈതൃക മ്യൂസിയത്തിന്റെ ഭാഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."