ജില്ലയില്‍ കാട്ടുതീ പ്രതിരോധം: 718 കിലോമീറ്റര്‍ ഫയര്‍ലൈന്‍
കല്‍പ്പറ്റ: കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനം-വന്യജീവി വകുപ്പ് വയനാട്ടില്‍ 718 കിലോമീറ്റര്‍ ഫയര്‍ലൈന്‍ നിര്‍മിച്ചു. ജനവാസകേന്ദ്രങ്ങളുടെ അതിരുകളിലും കാട്ടുപാതകളുടെ അതിരുകളിലുമാണ് ഫയര്‍ലൈന്‍ തീര്‍ത്തത്. വിവിധ വനമേഖലകളിലായി 620 താല്‍ക്കാലിക ഫയര്‍വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഫയര്‍ലൈന്‍ 311 കിലോമീറ്റര്‍ വയനാട് വന്യജീവി സങ്കേതത്തിന്റെയും 208 കിലോമീറ്റര്‍ വടക്കേവയനാട് വനം ഡിവിഷന്റെയും 199 കിലോമീറ്റര്‍ തെക്കേവയനാട് വനംഡിവിഷന്റെയും അതിരുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. 5.2 മീറ്ററാണ് ഫയര്‍ലൈനിന്റെ വീതി. ഓരോ പ്രദേശത്തെയും ആദിവാസികളെയും വനം വികസന സമിതി അംഗങ്ങളെയും ഉപയോഗപ്പെടുത്തിയായായിരുന്നു ഫയര്‍ലൈന്‍ നിര്‍മാണം.
വയനാട് വന്യജീവി സങ്കേതത്തില്‍ ഇതിനകം സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രാവര്‍ത്തികമാക്കിയത് ഒഴികെ ജനവാസകേന്ദ്രങ്ങളുടെ അതിരുകളില്‍ ഫയര്‍ലൈന്‍ നിര്‍മിച്ചതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ പറഞ്ഞു. കാട്ടുതീ പ്രതിരോധത്തിനു വാച്ചര്‍മാര്‍ക്ക് ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. ആദിവാസികളാണ് ഇവരില്‍ ഏറെയും. 400 രൂപയാണ് ദിനവേതനം. മാര്‍ച്ച് 31 വരെയാണ് നിയമനം. കാട്ടുതീ പ്രതിരോധത്തിനും കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് തടയുന്നതിനുമായി നടപ്പുസാമ്പത്തികവര്‍ഷത്തെ വിനിയോഗത്തിനു രണ്ട് കോടി രൂപയാണ് ജില്ലയില്‍ വനം-വന്യജീവി വകുപ്പിന് ലഭിച്ചത്. ഇതില്‍ 70 ശതമാനം കേന്ദ്ര വിഹിതവും ബാക്കി സംസ്ഥാന വിഹിതവുമാണ്.
മാര്‍ച്ചോടെ ഫണ്ട് ലഭിച്ചാല്‍ ഫയര്‍ വാച്ചര്‍മാരുടെ നിയമന കാലാവധി ദീര്‍ഘിപ്പിക്കും. പൂത്തതിനെത്തുടര്‍ന്ന് ഉണങ്ങിയ മുളങ്കാടും കടുത്തചൂടില്‍ വാടിക്കരിഞ്ഞുനില്‍ക്കുന്ന അടിക്കാടും കാട്ടുതീ സാധ്യത വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്ക് വനം-വന്യജീവി വകുപ്പ് നേരത്തേ തുടക്കമിട്ടിരുന്നു.
കാട്ടുതീ തടയേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വനം-വന്യജീവി വകുപ്പ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ബോധവത്കരണ ക്ലാസുകളും നടത്തിവരികയാണ്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് തീവീണാല്‍ വനത്തില്‍ സംഭവിക്കുന്നത്. ഉരഗങ്ങളടക്കം വന്യജീവികള്‍ക്കുണ്ടാകുന്ന പ്രാണഹാനി പുറമേ. കാട്ടുതീ അതിര്‍ത്തി ഗ്രാമങ്ങളില്‍ കൃഷിനാശത്തിനും കാരണമാകുന്നുണ്ട്. ഇക്കാര്യങ്ങളില്‍ ഗ്രാമീണര്‍ക്കുനല്‍കുന്ന ബോധവത്കരണം ഏറെ ഫലം ചെയ്യുന്നുണ്ടെന്ന് ബത്തേരി വൈല്‍ഡ് ലൈഫ് റേഞ്ച് ഓഫിസര്‍ കെ.ആര്‍ കൃഷ്ണദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."