പിണങ്ങോട് പീസ് വില്ലേജ്; പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഞ്ചിന്
പിണങ്ങോട്: ജീവിത വഴികളില്‍ ഒറ്റപ്പെട്ടവര്‍ക്ക് തണലൊരുക്കുന്ന പീസ് വില്ലേജിന് സ്വന്തം കെട്ടിടമാകുന്നു.
വെങ്ങപ്പള്ളി പഞ്ചായത്തിലെ പിണങ്ങോട് നിര്‍മിച്ച പീസ് വില്ലേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈമാസം അഞ്ചിന് വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കുമെന്ന് പീസ് വില്ലേജ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബാലിയില്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിണങ്ങോട്പുഴക്കലില്‍ മൂന്നു ഏക്കര്‍ സ്ഥലത്താണ് പീസ് വില്ലേജ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ മൂന്നുനില കെട്ടിടമാണ് ഉദ്ഘാടനത്തിന് സജ്ജമായിട്ടുള്ളത്. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തില്‍ 12 വാര്‍ഡുകളിലായി 120 പേര്‍ക്ക് കഴിയാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ 31 പേരാണ് പീസ് വില്ലേജില്‍ കഴിയുന്നത്. പ്രത്യേക പരിചരണം വേണ്ടവര്‍ക്കായി ഇന്റന്‍സീവ് കെയര്‍ യൂനിറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
അഡിമിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉള്‍പെടെ മൂന്നു കെട്ടിങ്ങള്‍ കൂടി ഇതിന് സമീപം നിര്‍മിക്കും.
തെരുവു ബാല്യങ്ങള്‍ മുതല്‍ യാതന അനുഭവിക്കുന്ന ഭിന്നശേഷിക്കാരും ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളും ഉള്‍പെടെ സമൂഹത്തില്‍ അനാഥത്വം പേറുന്നവര്‍ക്ക് ജാതി, മതങ്ങള്‍ക്കതീതമായി സംരക്ഷണം നല്‍കുന്നതാണ് പീസ് വില്ലേജ്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, ഡീ അഡിക്ഷന്‍ സെന്റര്‍, കൗണ്‍സിലിങ് സെന്റര്‍, സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ വിദ്യാര്‍ഥി, യുവജനങ്ങള്‍ക്കായി പരിശീലനം, സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയ ബൃഹത് പദ്ധതികളാണ് പീസ് വില്ലേജ് നടപ്പാക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷനാകും. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് തറക്കല്ലിടല്‍ എം.ഐ ഷാനവാസ് എം.പി നിര്‍വഹിക്കും. ഡീ അഡിക്ഷന്‍ സെന്ററിന്റെ തറക്കല്ലിടല്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും സി.സി.യു യൂനിറ്റ് ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും നിര്‍വഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് തുടങ്ങിയ ജനപ്രതിനിധികളും ജില്ല കലക്ടര്‍ എസ് സുഹാസ്, ജില്ല പൊലിസ് മേധാവി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
പീസ് വില്ലേജ് സെക്രട്ടറിമാരായ കെ മുസ്തഫ, സദറുദ്ദീന്‍ വാഴക്കാട്, മാനേജര്‍ മുഹമ്മദ് ലബീബ്, പ്രോഗ്രാം കമ്മിറ്റി ജനറല്‍ മാനേജര്‍ സലീം ബാവ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഷമീം പാറക്കണ്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."