പൊലിസ് അതിക്രമം; റിപ്പോര്‍ട്ട് നല്‍കി
കരുവാരകുണ്ട്: പുന്നക്കാട് ചുങ്കത്ത് യുവാവിനെ മര്‍ദിച്ച എസ്.ഐ ജ്യോതീന്ദ്രകുമാറിന്റെ നിലപാടില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി 31ന് സമരപ്രഖ്യാപന സദസും സമ്മേളനവും നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സ്ഥലം എം.എല്‍.എ എ.പി അനില്‍കുമാര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ എന്നിവര്‍ മലപ്പുറം എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് അന്വേഷണ സംഘം യുവാവിന്റെ വീട്ടില്‍ നേരിട്ടെത്തി അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി എസ്.പിക്കു കൈമാറി. എസ്.പി ഓഫിസില്‍ നേരിട്ടെത്തിയ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് മാസ്റ്റര്‍, എം. അലവി, പി. ഷൗക്കത്തലി, പി. ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവരുമുണ്ടായിരുന്നു. നിരവധി പേര്‍ പരാതിയുമായി ഇതിനകം എസ്.പിയെ കണ്ടിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
31നകം എസ്.ഐക്കെതിരേ നടപടിയുണ്ടായിട്ടില്ലെങ്കില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചും മറ്റ് സമര മാര്‍ഗങ്ങളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്തണമെന്നു ഭരണകക്ഷിയിലെ പ്രബല വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഈ ആവശ്യം ഉന്നയിച്ചതായാണ് അറിയുന്നത്. മന്ത്രിക്കും നേരത്തേ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."