പഞ്ചലോഹ വിഗ്രഹ മോഷണം വിദേശ വിപണി ലക്ഷ്യം വച്ച് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
കൊണ്ടോട്ടി: പഞ്ചലോഹ വിഗ്രഹ മോഷണത്തിന് പിന്നില്‍ അന്താരാഷ്ട മാര്‍ക്കറ്റ് വിപണി. പ്രതികളെ തുടരന്വേഷണത്തിന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. വയനാട് ജൈനമത ക്ഷേത്രം ഉള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്ന് ക്ഷേത്രങ്ങളില്‍നിന്ന് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം അടക്കം നാലുപേരാണ് കൊണ്ടോട്ടിയില്‍ പിടിയിലായത്. കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദലി(43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറമ്പ് മാരത്തില്‍ മുഹമ്മദ്(45), പുളിയക്കോട് പട്ടക്കണ്ടത്തില്‍ ബാബു(45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസല്‍(35) എന്നിവരെ തുടരന്വേഷണത്തിന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
ഒന്നര നൂറ്റാണ്ട് പഴക്കമുളള പഞ്ച ലോഹ വിഗ്രങ്ങള്‍ക്ക് വിദേശത്ത് കോടികള്‍ ലഭിക്കുമെന്ന് അറിഞ്ഞതോടെയാണ് പ്രതികള്‍ മോഷണത്തിനിറങ്ങിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മോഷണം. കേസില്‍ പ്രതിയായ ജൈസലിന് പതിനെട്ട് വയസ് പ്രായമുള്ളപ്പോഴാണ് സംഭവം. ഇയാളുടെ ജീപ്പിലാണ് പ്രതികള്‍ മോഷണത്തിന് പോയതെന്ന് പൊലിസ് പറഞ്ഞു. മോഷ്ടിച്ച വിഗ്രങ്ങള്‍ വീട്ടിലെത്തിച്ച പ്രതികള്‍ ഇവ വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. വിദേശികളടക്കം വിഗ്രഹം കാണാനെത്തിയെങ്കിലും വില ഉറപ്പിക്കാനായില്ല. പിന്നീടാണ് വിഗ്രഹത്തിലെ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. ഇതിനായി വിഗ്രഹം മുറിച്ചും ഉരുക്കിയും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഇവ മണ്ണില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു. വയനാടിന് പുറമെ കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, കിഴിശ്ശേരി പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളി ക്ഷേത്രം തുടങ്ങിയലയിലും പ്രതികള്‍ ഇക്കാലയളവില്‍ മോഷണം നടത്തിയതായി തെളിഞ്ഞു.പ്രതികളെ തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."