കരുവഞ്ചാല്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് നോക്കുകുത്തി
ആലക്കോട്: കരുവഞ്ചാലിലെ സപ്ലൈകോ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് നോക്കുകുത്തിയായി. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ മിതമായ നിരക്കില്‍ വിതരണം ചെയ്യാന്‍ ആരംഭിച്ച സ്ഥാപനത്തില്‍ ഇന്ന് ഒരു കിലോ ഉപ്പു പോലും തികച്ചെടുക്കാന്‍ ഇല്ലാത്ത അവസ്ഥയിലാണ്. ആറു വര്‍ഷം മുമ്പ് ആരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് ആയിരം രൂപയുടെ കച്ചവടം പോലും നടക്കുന്നില്ല. സബ്സിഡി ഇനത്തില്‍ നല്‍കേണ്ട ഒരു സാധനവും ഇവിടെ ഇല്ല. പഴകിയതും കാലാവധി കഴിഞ്ഞതുമായ സാധനങ്ങള്‍ റാക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ആദ്യത്തെ ഒരു വര്‍ഷം പോലും നാട്ടുകാര്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ നല്കാന് സ്ഥാപനത്തിനായിട്ടില്ല. പല സാധനങ്ങള്‍ക്കും പൊതു മാര്‍ക്കറ്റിലേതിനേക്കാള്‍ വില കൂടുതലായതോടെയാണ് നാട്ടുകാരും ഇതിനെ കൈയൊഴിഞ്ഞത്.
കൃത്യമായി വാടക പോലും നല്‍കാത്ത സ്ഥിതി വന്നതോടെ കെട്ടിടമുടമ കോടതിയെ സമീപിച്ചിരിക്കുകയാണ്. നഷ്ടം സഹിച്ചു സൂപ്പര്‍ മാര്‍ക്കറ്റ് നില നിര്‍ത്തുന്നതിലും നല്ലത് മാവേലി സ്റ്റോര്‍ ആക്കി മാറ്റുന്നതാണ് എന്ന അഭിപ്രായവും നാട്ടുകാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."