ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം അപകടാവസ്ഥയില്‍
കാഞ്ഞങ്ങാട്: നഗരസഭ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കെട്ടിടം അപകടാവസ്ഥയില്‍. കെട്ടിടത്തിന്റെ സിമന്റ് കട്ടകള്‍ അടര്‍ന്നു വീഴുന്നതാണ് അപകട ഭീതിയുയര്‍ത്തുന്നത്. കാലപ്പഴക്കം ചെന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ ഒരു ഭാഗം ദ്രവിച്ച അവസ്ഥയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ തലയില്‍ സിമന്റ് കട്ട അടര്‍ന്നു വീണു ഗുരുതരമായി പരുക്കേറ്റിരുന്നു.
സ്ത്രീകള്‍ ബസ് കാത്തു നില്‍കുന്ന ഭാഗത്തായിരുന്നു കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണത്. ബസ് തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും സിമന്റ് പാളികള്‍ തലയില്‍ വീണു പരുക്കേല്‍ക്കുന്നത് പതിവായിരുന്നു. 1984ലാണു കെട്ടിടം നിര്‍മിച്ചത്. സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീക്ക് പരുക്കേറ്റ സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ തറ നിരപ്പില്‍ അടര്‍ന്നു വീഴുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്തിരുന്നുവെങ്കിലും കൃത്യമായി ചെയ്യാത്തതിനാല്‍ ഈ ഭാഗത്ത് സിമന്റ് കട്ടകള്‍ അടര്‍ന്നു വീഴുന്നത് തുടരുന്നുണ്ട്.
മറ്റു നിലകളിലെ വശങ്ങളില്‍ നിന്നാണ് കൂടുതല്‍ കോണ്‍ക്രീറ്റ് കട്ടകള്‍ അടര്‍ന്നു വീഴുന്നത്. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറികള്‍ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതും പതിവാണ്. കെട്ടിടത്തില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സുരക്ഷയെ ബാധിക്കുമെന്ന നഗരസഭാ എന്‍ജിനിയറിങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിട്ടും നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതും കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കുന്നു. കോണ്‍ക്രീറ്റ് തുരന്ന് ഏണിപ്പടികള്‍ സ്ഥാപിച്ചതും അടുത്ത കാലത്ത് പൊലിസ് എയ്ഡ് പോസ്റ്റിനു വേണ്ടി നിര്‍മാണ പ്രവര്‍ത്തനം നടത്തിയതും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആക്ഷേപമുണ്ട്.
നിരന്തരമുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അറ്റകുറ്റ പണി നടത്തി കൂടുതല്‍ സുരക്ഷയുണ്ടാക്കാന്‍ നഗരസഭാധികൃതര്‍ തയാറാകണമെന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."