പെയിന്റ് ലോറിക്കു തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി
കണ്ണൂര്‍: മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിനു സമീപം ഓടിക്കൊണ്ടിരുന്ന പെയിന്റ് ലോറി കത്തി നശിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം. വന്‍ തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടോള്‍ ബൂത്തിനു സമീപമുള്ളവരും പരിസരത്തെ വീട്ടുകാരും മറ്റു വാഹനങ്ങളും പരിഭ്രാന്തരായി. സമീപത്തെ വീട്ടിലുള്ളവരെ ഫയര്‍ഫോഴ്സും പൊലിസും ചേര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചു.
പെയിന്റും മറ്റുചില ഉല്പന്നങ്ങളും കയറ്റി മംഗളൂരുവില്‍ നിന്നു വരുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷന് 09 ബി.സി 9648 ട്രക്ക് ലോറിയാണു കത്തിയമര്‍ന്നത്. കണ്ണൂര്‍ ജില്ലയിലെ പത്ത് യൂനിറ്റ് ഫയര്‍ ആന്റ് റസ്ക്യൂ ടീം നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനോടുവിലാണ് തീയണച്ചത്.
വാഹനം കത്തിത്തുടങ്ങി 10 മിനിറ്റിനു ശേഷമാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്. ഈ സമയം വാഹനത്തിന്റെ പകുതി ഭാഗവും അഗ്നിബാധിച്ചിരുന്നു. പെയിന്റ് കത്തിയ ഗന്ധവും പുകയും തീയണക്കുന്നതിനു തടസമായി.
ടോള്‍ ബൂത്തിനു സമീപത്തിനിന്നു വാഹനത്തിനു പിറകില്‍ പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറും ക്ലീനറും വാഹനം ഒതുക്കി ഇറങ്ങി ഓടുകയായിരുന്നു. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
കണ്ണൂര്‍ അഗ്നിശമന യൂനിറ്റിലെ എസ്.ടി.ഒ പ്രകാശ് കുമാര്‍, എ.എസ്.ടി.ഒ കെ.വി ലക്ഷമണന്, ലീഡിങ് ഫയര്മാന് കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ തീയണക്കുന്നതിന് നേതൃത്വം നല്കി. തളിപ്പറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെ പത്തോളം യൂനിറ്റും രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.
മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. 12 ടണ്‍ വരുന്ന പെയിന്റ് റോഡിലൂടെ ഒഴുകിപ്പരന്നത് നീക്കം ചെയ്യുന്നതിനും ഏറെ പണിപ്പെട്ടു.
അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ വെള്ളം ഉപയോഗിച്ച് ശക്തമായി പമ്പ് ചെയ്താണ് റോഡില്‍ പരന്ന പെയിന്റ് നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."