കാളികാവ് വാഹനാപകടം; ആളെ തിരിച്ചറിയാന്‍ സഹായിച്ചത് വൈദ്യുതിബില്‍
കാളികാവ്: കാളികാവ് അങ്ങാടിയിലുണ്ടായ വാഹനാപകടം മലയോരമേഖലയെ ദുഃഖത്തിലാഴ്ത്തി. നിമിഷനേരം കൊണ്ടു പൊലിഞ്ഞതു രണ്ടു വിലപ്പെട്ട ജീവനുകളാണ്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് അങ്ങാടിയിലെ കടകളിലേക്കു പാഞ്ഞുകയറാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വേഗതയില്ലാതിരുന്നിട്ടു കൂടി ബസ് നിയന്ത്രിക്കാന്‍ കഴിയാത്തതാണു രണ്ടു പേരുടെ മരണത്തിലേക്കു വഴിവെച്ചത്. അപകടം സംഭവിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ സംയമനം പാലിച്ചു നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
അപകടത്തിനിടയാക്കിയ ബസ് ഡ്രൈവറെ സംരക്ഷിച്ചു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അപകടത്തില്‍പ്പെട്ട രണ്ടു പേരെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് ആശങ്ക പരത്തി. ചുങ്കത്തറ ചീരക്കുഴിയിലെ ബിനു തോമസിനെ ബൈക്കില്‍നിന്നു കിട്ടിയ വൈദ്യുതി ബില്ലിലൂടെയാണു തിരിച്ചറിഞ്ഞത്. ബില്ലിലെ ഉപയോക്താവിന്റെ നമ്പര്‍ നല്‍കിയതോടെ ചുങ്കത്തറ വൈദ്യുതി ഓഫിസില്‍ നിന്നു വിവരങ്ങള്‍ നല്‍കി. രണ്ടാമത്തെ ബൈക്കിലെ ആളെ തിരിച്ചറിയാന്‍ വീണ്ടും സമയമെടുത്തു.
വണ്ടൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലന്‍സ് വാണിയമ്പലം റയില്‍വേ ഗേറ്റിന്‍ കുടുങ്ങി. ഗേറ്റ് തുറന്നശേഷമാണ് ആംബുലന്‍സിനു നീങ്ങാനായത്. അപകടത്തില്‍പ്പെട്ടത് ആരാണെന്നറിയാനായി പ്രദേശവാസികള്‍ തടിച്ചുകൂടിയപ്പോഴാണു നാട്ടുകാരനായ നിഷാദ് ബാബുവാണെന്ന് തിരിച്ചറിയുന്നത്. വാണിയമ്പലത്ത് നിന്നും ചുങ്കത്തറയില്‍ നിന്നും വന്‍ ജനാവലിയാണ് കാളികാവ് സി.എച്ച്.സി, വണ്ടൂരിലെ സ്വകാര്യ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് ഒഴുകിയെത്തിയത്.
പൊലിസും അവസരത്തിനൊത്തു പ്രവര്‍ത്തിച്ചതു നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. അപകടസ്ഥലത്ത് ഓടിയെത്തിയ പൊലിസ് നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യം തന്നെ ഗതാഗത തടസം നീക്കി. കാളികാവ് സി.എച്ച്.സിയിലും വണ്ടൂര്‍ സ്വകാര്യ ആശുപത്രിയിലുമായി ഉണ്ടായിരുന്ന രണ്ടു മൃതദേഹങ്ങളും കാളികാവ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാര്‍ ഒരേസമയം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുകൊടുത്തു. സംഭവസ്ഥലത്ത് ഓടിക്കൂടിയവര്‍ പോലീസിനു വേണ്ട സഹായ സഹകരണങ്ങളും ചെയ്തു കൊടുത്തു.
അപ്രതീക്ഷിതമായുണ്ടായ അപകടത്തിലെ യുവാക്കളുടെ മരണം കാളികാവിനെ മാത്രമല്ല മലയോര നാടിനെ ഒന്നാകെ കരയിപ്പിച്ചു വാണിയമ്പലം സ്വദേശിയായ നിഷാദ് ബാബു വണ്ടൂര്‍ നിലമ്പൂര്‍ ഭാഗങ്ങളിലും ബിനു തോമസ് പൂക്കോട്ടുംപാടം തുടങ്ങിയ ഭാഗങ്ങളിലും ജോലി ചെയ്യുന്നവരാണ്. ഇരുവരുടേയും മരണം കേട്ടറിഞ്ഞ് ആശുപത്രികളില്‍ ഓടിയെത്തിയ സുഹൃത്തുക്കളുടെ വിതുമ്പല്‍ മലയോരത്തെ തേങ്ങലായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."