ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ കാംപസ്: സിവില്‍ സ്റ്റേഷന്‍ ശുചീകരണത്തിന് ഇന്ന് തുടക്കം
മലപ്പുറം: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ട് മരങ്ങള്‍ നട്ടുപിടിപ്പിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തും 'ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ കാംപസ്' ആക്കി മാറ്റുന്നതിന്റെ ഭാഗമായി കലക്ടറേറ്റും പരിസരവും ഇന്ന് ശുചീകരിക്കും. ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ സ്വന്തം ഓഫീസും പരിസരവും ശുചീകരിക്കും. വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയാണ് ശ്രമദാനമായി ഒന്നാംഘട്ട ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശ്രമദാനം ജൂണ്‍ നാല് വരെ തുടരും. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ കലക്ടറേറ്റ് വളപ്പില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും.
ജനകീയ പങ്കാളിത്തത്തോടെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ സൗന്ദര്യവത്ക്കരിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത സംരംഭത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന വിവിധ ഓഫീസ് മേധാവികളുടെ യോഗത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ രൂപരേഖ ചര്‍ച്ച ചെയ്തു. വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ഡിസാസ്റ്റര്‍ മാനെജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എസ്. മുരളീധരന്‍ പിള്ള, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്നിവരടങ്ങിയ ഉപസമിതിയെ ചുമതലപ്പെടുത്തി.
പദ്ധതിയുടെ ഭാഗമായി ഒരു മാസത്തിനകം സിവില്‍ സ്റ്റേഷനിലെ വിവിധയിടങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നതിനായി 100 ഓളം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഓഫീസുകളിലെ ഇമാലിന്യങ്ങള്‍ ശുചിത്വ മിഷന്റെ സഹായത്തോടെ ശേഖരിച്ച് ക്ലീന്‍ കേരള മിഷന് കൈമാറും. മുഴുവന്‍ ഓഫീസ് പരിസരങ്ങളും പൊതുനിരത്തുകളും ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് മുക്ത കാംപസാക്കും. ജീവനക്കാര്‍, ജീവനക്കാരുടെ സംഘടനകള്‍, സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, നഗരസഭ തുടങ്ങിയ വിവിധ മേഖലകളില്ലുള്ളവരുടെ സഹകരണം ഉറപ്പാക്കും. കേരളത്തിലെ ഏറ്റവും മനോഹരമായ കലക്‌ട്രേറ്റ് കോംപൗണ്ടാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."