മണ്ണഞ്ചേരിയില്‍ 26 മുതല്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ പടിക്കുപുറത്ത്
മണ്ണഞ്ചേരി : ഭീകരമുഖം തിരിച്ചറിഞ്ഞ് മണ്ണഞ്ചേരി പഞ്ചായത്തും പ്ലാസ്റ്റിക്കിനെ തങ്ങളുടെ പടിക്കുപുറത്താക്കുന്നു. ഹരിത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ പുതിയ നടപടി.
ക്ലീന്‍ മണ്ണഞ്ചേരി ഗ്രീന്‍ മണ്ണഞ്ചേരി എന്നാകും ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന കാമ്പയിന്റെ മുദ്രാവാക്യം. പദ്ധതിയുടെ വിജയത്തിനായി മൂന്നുമാസം മുന്‍പേതന്നെ താഴെതട്ടുമുതലുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.അയല്‍സഭകളും സ്‌പെഷ്യല്‍ ഗ്രാമസഭകളും കൂടിയാണ് പദ്ധതിയുടെ നടത്തിപ്പുകള്‍ ചര്‍ച്ചചെയ്തത്.ആരോഗ്യസര്‍വ്വേയും ഇതിനൊപ്പം നടത്തിയിരുന്നു. ഈ ഗ്രാമപഞ്ചായത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ഭയാനകമാം വിധം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. പഞ്ചായത്തിലെ ഒട്ടുമിക്ക ജലശ്രോദസുകളും പൂര്‍ണമായും ഇപ്പോള്‍ മലിനമാണ്.എ.എസ്.കനാല്‍,മടയാംതോട്,അടിവാരം തോട് എന്നിവയാണ് മാലിന്യശേഖരമായി തീര്‍ന്നിരുക്കുന്ന മണ്ണഞ്ചേരിയിലെ ജലാശയങ്ങള്‍. ഇവയെല്ലാം വൃത്തിയുള്ളവയാക്കി പ്രത്യുല്‍പ്പാദനപരമായ കാര്യങ്ങള്‍ക്കായി സജ്ജമാക്കാനും പദ്ധതിയില്‍ നിര്‍ദേശങ്ങളുണ്ട്.
ജനുവരി 26 മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗത്തിലുണ്ടാകില്ല.ഇതിനായി വ്യാപാരികളുടെ സംഘടനകളുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. വ്യാപാരികളുടെ പരിപൂര്‍ണ്ണമായ സഹകരണം അവരും ഉറപ്പുനല്‍കിയതായി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയുടെ വിജയത്തിനായി നിലവില്‍ പ്രദേശങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിവിധ സ്‌ക്വാഡുകള്‍ ശേഖരിക്കും. ഇവ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം നടത്തുന്ന ആര്യാട് ബ്ലോക്ക് പഞ്ചായത്തിന് കൈമാറും. ക്ലീന്‍ മണ്ണഞ്ചേരിയുടെ വിജയത്തിനായി വിപുലമായ ബോധവല്‍ക്കരണം തുടര്‍ന്നും നടത്തും.വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും ഊന്നല്‍ കൊടുത്തുകണ്ടുള്ള പ്രചാരണങ്ങള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
ഇപ്പോള്‍ സ്ഥിരമായി മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറിയിട്ടുള്ള സ്ഥലങ്ങളില്‍ സിസി ടി.വി ക്യാമറകള്‍ സ്ഥാപിക്കും. ഈ പ്രദേശങ്ങള്‍ സൗന്ദര്യവല്‍കരിച്ച് പ്രാദേശിക സമിതികള്‍ക്ക് കൈമാറാനാണ് ആലോചിക്കുന്നത്. പുതിയ നീക്കം വിജയപ്രദമാക്കാന്‍ പഞ്ചായത്തിലെ 16 സ്‌കൂളുകളിലും കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റെ തങ്കമണി ഗോപിനാഥും സെക്രട്ടറി സി.കെ.ഷിബുവും പറഞ്ഞു.കുട്ടികളിലേക്ക് ഇതിന്റെ സന്ദേശം എത്തിയാല്‍ കൂടുതല്‍ പ്രയോജനകരമാകുമെന്ന കാഴ്ചപ്പാടാണ് സ്‌കൂളുകള്‍ കേന്ദ്രീകരിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.ഇതിനായി മാസത്തിലൊരിക്കല്‍ വിദ്യാര്‍ഥികളുടെ ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ശുചിത്വഗ്രാമം,ഹരിതഗ്രാമം,ജലസുഭിക്ഷഗ്രാമം എന്നിവയാണ് നടപ്പിലാക്കുക.
ഇതിനായി കുളങ്ങളും തോടുകളും കിണറുകളും ഉപയോഗപ്രദമാകുന്ന തരത്തിലാക്കും.തരിശായ ഭൂമികള്‍ ഉടമകളില്‍നിന്നും പാട്ടകരാര്‍ പ്രകാരം എടുത്ത് കൃഷിനടത്താനും ഉദ്ദേശിക്കുന്നതായി ജനപ്രതിനിധികളായ തങ്കമണി ഗോപിനാഥ്,മഞ്ജുരതികുമാര്‍,എം.എസ്.സന്തോഷ്,എസ്.നവാസ്,സന്ധ്യാശശിധരന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."