കലോത്സവ കോഴവിവാദം: വിധികര്‍ത്താക്കള്‍ കുച്ചുപ്പുടി മത്സരഫലം അട്ടിമറിച്ചു
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ശനിയാഴ്ച തൃശൂരില്‍ തുടങ്ങാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ കോഴ വിവാദത്തിലുള്ള വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. കലോത്സവത്തില്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ച് കുച്ചുപ്പുടി മത്സരം അട്ടിമറിച്ചെന്നാണ് റിപ്പോര്‍ട്ട്. വിധികര്‍ത്താക്കളായ ഗുരു വിജയശങ്കര്‍, വേദാന്തമൗലി, ഏജന്റ് അന്‍ഷാദ് ഹസ്സന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന കലോത്സവത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരമാണ് കോഴവിവാദത്തില്‍ കുരുങ്ങിയത്.
വിധികര്‍ത്താക്കള്‍ക്കെതിരേ ശക്തമായ തെളിവുകളാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുള്ളത്. കുച്ചുപ്പുടി വിധി നിര്‍ണയത്തിനായി വിധികര്‍ത്താക്കള്‍ ആന്ധ്രയില്‍ നിന്ന് വിമാനമാര്‍ഗമാണ് എത്തിയത്. ഇവര്‍ കലോത്സവത്തിനായി എത്തുന്നതിനു മുന്‍പ് തന്നെ ഏജന്റ് അന്‍ഷാദ് ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആന്ധ്രയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതും അന്‍ഷാദാണ്. ഇവരോടൊപ്പം അന്‍ഷാദും അനുഗമിച്ചു. തുടര്‍ന്ന് ഇവര്‍ മംഗലാപുരത്തെ ഹോട്ടലില്‍ ഒരുമിച്ചു തങ്ങി. കണ്ണൂരും ഇവര്‍ ഒരുമിച്ചാണ് തങ്ങിയത്. മത്സരാര്‍ഥികളെ തിരിച്ചറിയാന്‍ പ്രത്യേക തരം അരപ്പട്ട ഉപയോഗിച്ചു. ഇത് നേരത്തെ തന്നെ അന്‍ഷാദ് വിധികര്‍ത്താക്കളെ കാണിച്ചിരുന്നു. ജില്ലാ തലത്തില്‍ കുച്ചുപ്പുടിയില്‍ ഒന്നാം സ്ഥാനത്തെത്തിയ ആലപ്പുഴ സ്വദേശി ഉത്തര എന്ന വിദ്യാര്‍ഥിയോട് ഏജന്റ് ഒന്നരലക്ഷം രൂപ ചോദിച്ചുവെന്നും കോഴ നല്‍കാത്തതിനാല്‍ ബി ഗ്രേഡ് നല്‍കി തോല്‍പ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കലോത്സവം കോഴയില്‍ മുങ്ങിയിരുന്നുവെന്നും സ്ത്രീകളേയും മദ്യവും പണവും ഉപയോഗിച്ച് ഏജന്റന്മാര്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചുവെന്നും എന്നാല്‍ ഇതു സംബന്ധിച്ച തെളിവുകള്‍ സമര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴ പരാതി ലഭിച്ച ഉടനെ കുച്ചിപ്പുടി വിധികര്‍ത്താക്കളായ വേദാന്തമൗലി, ഗുരു വിജയശങ്കര്‍, അന്‍ഷാദ് ഹസ്സന്‍ എന്നിവരെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാക്കി വിജിലന്‍സ് കേസെടുത്തിരുന്നു.ഡിവൈ.എസ്.പി എ.വി. പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അതിനിടെ തൃശൂരില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ കോഴ ഇടപാടുകള്‍ തീര്‍ത്തും ഒഴിവാക്കാനായി വിജിലന്‍സ് രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."