വിളകളുടെ വിസ്മയ പ്രദര്‍ശനമൊരുക്കി കാര്‍ഷികമേള; സന്ദര്‍ശകരുടെ തിരക്കേറുന്നു
പാലാ: കാര്‍ഷിക വിളകളുടെ വിസ്മയ പ്രദര്‍ശനമൊരുക്കിയ സംസ്ഥാന കാര്‍ഷിക മേളയില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. മണ്ണില്‍ കനകം വിളയിക്കുന്ന കര്‍ഷകന്റെ അധ്വാനത്തിന്റെ മേന്മയും ഉല്‍പാദന മികവിന്റെ അഭിമാനവും വിളിച്ചോതുന്നതാണു മേളയിലെ വിവിധ സ്റ്റാളുകളില്‍ നിറഞ്ഞ വിളകളുടെ പ്രദര്‍ശനം.
48 കിലോ തൂക്കമുള്ള ഭീമന്‍ ചക്ക, 82 തേങ്ങകളോടെ നാളികേര സമൃദ്ധി നിറഞ്ഞ തേങ്ങാക്കുല, മൂന്ന് മീറ്റര്‍ നീളമുള്ള പടവലങ്ങകള്‍, 25 കിലോ തൂക്കമുള്ള കുമ്പളം, 150 കിലോ തൂക്കമുള്ള ആനക്കാച്ചില്‍, ഒരു മീറ്റര്‍ നീളമുള്ള ഓമയ്ക്ക, 50 കിലോ തൂക്കമുള്ള റോബസ്റ്റ് കുല, ക്വിന്റല്‍ ഏത്തക്കുലകള്‍ തുടങ്ങി കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചകള്‍ കാണികളെ വിസ്മയിപ്പിക്കുന്നതാണ്.
അഞ്ഞൂറില്‍പരം കാര്‍ഷിക വിളകള്‍ക്കൊണ്ട് അലങ്കരിച്ച സ്റ്റാളുകള്‍ രൂപതയിലെ 14 ഫൊറോനാകളില്‍നിന്നുള്ള കാര്‍ഷിക ദളങ്ങളാണു പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. വിളപ്രദര്‍ശന സ്റ്റാളുകക്കൊപ്പം ഔഷധകൃഷി സ്റ്റാള്‍, കിഡ്‌നി മെഡിക്കല്‍ ക്യാംപ്, പച്ചക്കറി വിത്തുകള്‍, മേല്‍ത്തരം വിവിധ തൈകളുടെ പ്രദര്‍ശനം, നിരവധി വ്യാവസായിക സ്റ്റാളുകള്‍, പുരാതന കാര്‍ഷികോപകരണങ്ങളുടെയും വസ്തുക്കളുടെയും പ്രദര്‍ശനം, പ്രകൃതിദത്ത പാനീയങ്ങള്‍, അച്ചാര്‍ മേള, ഹോട്ടി കള്‍ച്ചറല്‍ മിഷന്‍, സംസ്ഥാന കൃഷിവകുപ്പ്, നാളികേര വികസന ബോര്‍ഡ്, നബാര്‍ഡ് എന്നിവയുടെ സ്റ്റാളുകളും ഫുഡ്‌ഫെസ്റ്റ് സ്റ്റാളും മേളയെ ആകര്‍ഷകമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."