സി.പി.എം ഓഫിസിനു നേരെ മുപ്പതാം തവണയും ആക്രമണം
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിലെ സി.പി.എം ഓഫിസിനു നേരെ വീണ്ടും ആക്രമണം. ബി.ജെ.പിയുടെ ശക്തികേന്ദ്രമായിരുന്ന ഇവിടെ ജില്ലാ നേതാവായിരുന്ന എ അശോകനും ഒ.കെ വാസുവും സി.പി.എമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് സി.പി.എം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഈ ഓഫിസിനു നേരെ നടക്കുന്ന മുപ്പതാമത്തെ ആക്രമണമാണിത്.
ചെറുവാഞ്ചേരി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ചെറുവാഞ്ചേരി സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്. ഓഫിസിന്റെ വാതിലുകള്‍ തകര്‍ക്കുകയും ഓഫിസില്‍ കെട്ടിയ പാര്‍ട്ടി പതാകകളും ഫഌക്‌സ് ബോര്‍ഡുകളും എടുത്തു കൊണ്ടുപോവുകയും ചെയ്തു.
കണ്ണവം റോഡില്‍ സി.പി.എം.ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കുന്നതിനായി സ്ഥാപിച്ച ശിലാഫലക തറയും അക്രമികള്‍ നശിപ്പിച്ചു. ഒരാഴ്ച മുന്‍പ് ശിലാഫലകം ഇളക്കി മാറ്റിക്കൊണ്ടുപോയിരുന്നു. സി.പി.എം ഓഫിസിന്റെ ഓടിളക്കി അകത്ത് കടന്നാണ് ഫഌക്‌സ് ബോര്‍ഡുകളും പാര്‍ട്ടി പതാകകളും എടുത്തു കൊണ്ടു പോയിരിക്കുന്നത്. അക്രമം തുടരുന്ന സാഹചര്യത്തില്‍ പൊലിസ് ഈ ഭാഗത്ത് കാമറകള്‍ സ്ഥാപിച്ചിരുന്നു. കാമറയില്‍ പെടാതിരിക്കാനാണ് ഓടിളക്കി അകത്ത് കടന്ന് അക്രമം നടത്തിയതെന്നാണ് പൊലിസ് കരുതുന്നത്. എന്നാല്‍ അക്രമി സംഘം എത്തുന്നതിന്റെ ചില ദ്യശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ നിന്ന് പൊലിസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെ ചെറുവാഞ്ചേരി ടൗണില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ സി.പി.എം.ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."