കോടതി വിധിക്കെതിരേ സരിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
കൊച്ചി: സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി വിധിക്കെതിരേ സരിത എസ് നായര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍ നിന്ന് 1.17 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ സരിതയ്ക്കും ബിജു രാധാകൃഷ്ണനും മൂന്നു വര്‍ഷം കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരേ നല്‍കിയ അപ്പീല്‍ സെഷന്‍സ് കോടതി തള്ളി ശിക്ഷ ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത തന്നെ സമീപിച്ചതെന്നും ബിജു രാധാകൃഷ്ണന്‍ ആര്‍.ബി നായര്‍ എന്ന പേരിലാണ് എത്തിയതെന്നും ബാബുരാജ് വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കേസിലാണ് കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.
എന്നാല്‍ നിയമപരമായല്ല, സദാചാരവിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കോടതി വാദം കേട്ടതെന്നാണ് അപ്പീലിലെ വാദം. ലക്ഷ്മി എന്നത് തന്റെ വിളിപ്പേരാണ്. ആള്‍മാറാട്ടം ഇതിന്റെ പേരില്‍ ആരോപിക്കാന്‍ കഴിയില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും സരിത ഹരജിയില്‍ വ്യക്തമാക്കുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിലൊരു കേസിലാണ് പത്തനംതിട്ട കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."