ജെല്ലിക്കെട്ട് നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണ് വേണ്ടത്: കമല്‍ഹാസന്‍
ചെന്നൈ: ജെല്ലിക്കെട്ടില്‍ നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന് നടന്‍ കമല്‍ഹാസന്‍. ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാണിക്കുന്നത്. ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ട് സമരത്തിനിടെ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള പൊലിസ് അതിക്രമം ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തില്‍ പൊലിസ് വിശദീകരണം നല്‍കണം. സാധാരണക്കാര്‍ ഏതു നിമിഷവും അക്രമങ്ങള്‍ക്ക് ഇരയാകുമെന്നതാണ് ഇതില്‍ നിന്നു മനസിലാകുന്നതെന്നും ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.
എല്ലാ തരം നിരോധനങ്ങള്‍ക്കും താന്‍ എതിരാണ്. തന്റെ സിനിമയായ വിശ്വരൂപത്തിന് നിരോധനം നേരിട്ടപ്പോഴും താന്‍ ഇതുപോലെ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ട് വിഷയത്തില്‍ നിയമഭേദഗതി വേണമെന്ന ആവശ്യത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ടെന്ന് വ്യക്തമാക്കി.
ജെല്ലിക്കെട്ട് നിരോധം നമ്മുടെ സംസ്‌ക്കാരത്തിലേക്കാണ് നുഴഞ്ഞുകയറുന്നത്. എല്ലാവര്‍ഷവും കേരളത്തില്‍ ആയിരക്കണക്കിന് ആനകള്‍ വിരണ്ടോടാറുണ്ട്. ഇവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും ജീവഹാനികളും ജെല്ലിക്കെട്ടിനേക്കാളും വരും.
തമിഴ്‌നാട് മുഖ്യമന്ത്രി സമരമുഖം സന്ദര്‍ശിക്കേണ്ടതായിരുന്നു. എം.ജി.ആര്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹം സമരത്തില്‍ പങ്കെടുത്തേനെയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."