മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കണം: യൂത്ത് ലീഗ്
തൃശൂര്‍ : മജിസ്‌ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു കാസര്‍കോഡ് ചീഫ് ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റായിരുന്നു തൃശ്ശൂര്‍ മുല്ലശ്ശേരി സ്വദേശി ഉണ്ണികൃഷ്ണന്‍.
ഒരു ജുഡീഷ്യല്‍ ഓഫീസറുടെ മരണം നടന്ന് രണ്ടരമാസമായിട്ടും കേസന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഒരു ന്യായാധിപന്‍ ജീവനൊടുക്കുന്നത് കേരളത്തിലെ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ രണ്ടാമത്തെ സംഭവമാണ്.
നിയമരംഗത്ത് നടുക്കമുളവാക്കിയ സംഭവമായിരുന്നിട്ടുകൂടി സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഉണ്ണികൃഷ്ണന്റെ മരണത്തിലും മരണത്തിന് മുമ്പ് കര്‍ണാടകയിലെ സുള്ള്യ പൊലീസ് നടത്തിയ മര്‍ദനത്തിലും ദുരുഹതയുണ്ട്.
പൊലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായിരുന്നുവെന്നും മൃതദേഹത്തില്‍ 27 മുറിവേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലിസ് സര്‍ജന്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കാര്യക്ഷമമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഉണ്ണികൃഷ്ണന്റെ കുടുംബവും ജനകീയസമിതിയും നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടത്തെ പിന്‍തുണക്കാന്‍ യോഗം തീരുമാനിച്ചു.
തൃശൂര്‍ സീതി സാഹിബ് സ്മാരകത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന വൈസ്പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, ഭാരവാഹികളായ പി.എം മുസ്തഫ, ആര്‍.എം മനാഫ്, നൗഷാദ് തളിക്കുളം, നൗഷാദ് തെരുവത്ത്, വി.പി മന്‍സൂര്‍ അലി, ആര്‍.കെ സിയാദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."