ഡോക്ടര്‍മാരുടെ നടപടി മനുഷ്യത്വവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷന്‍: ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസ്
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ സമരത്തില്‍ പങ്കെടുക്കാനായി ബലമായി വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ചികിത്സ നിഷേധിക്കപ്പെട്ട സംഭവം അന്വേഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സംസ്ഥാന പൊലിസ് മേധാവിക്കും നിര്‍ദേശം നല്‍കി. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരായ സമരത്തില്‍ പങ്കെടുക്കാനാണ് സഹഡോക്ടര്‍മാര്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറെ ബലമായി കൊണ്ടുപോയത്.
അടിയന്തര ഘട്ടത്തില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് വഴി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് തടസമില്ലെങ്കിലും അത് രോഗികളുടെ ജീവന്‍ കൈയിലെടുത്തു കൊണ്ടാകരുതെന്ന് കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ വ്യക്തമാക്കി.
അതിനിടെ, ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി. രോഗികളെ ചികിത്സിക്കാതെ സമരത്തിന് പോകുന്ന മനോഭാവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കും. എത്ര ന്യായമായ അവശ്യത്തിനാണ് സമരമെങ്കിലും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലപാട് അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഡ്യൂട്ടി ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടുമായി ഐ.എം.എ രംഗത്തെത്തി. ഒ.പി മാത്രമേ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചിരുന്നുള്ളൂവെന്നും അത്യാഹിത വിഭാഗത്തില്‍ ചികിത്സ നിഷേധിച്ചിരുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഡോക്ടര്‍മാരുടെ സമരവീര്യം മൂലം രോഗിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. പനിബാധിച്ചെത്തിയ അംബിക എന്ന സ്ത്രീയെ ചികിത്സിക്കാനൊരുങ്ങിയ വനിതാ ഡോക്ടറെ സഹപ്രവര്‍ത്തകരെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."