ലഹരി വിമുക്ത കേരളത്തിനായി 'വിമുക്തി'
തൃശൂര്‍: സര്‍ക്കാര്‍ സംനിധാനങ്ങളും ചിതറികിടക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തകരേയും ഏകോപ്പിച്ച് സംസ്ഥാന തലം മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലം വരെ സമിതികള്‍ രൂപീകരിച്ച് ലഹരി വിമുക്ത കേരളത്തിനായി ലഹരി വര്‍ജ്ജന മിഷന്‍ ' വിമുക്തി' സജ്ജീവമായി പ്രവര്‍ത്തിക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.
ടൗണ്‍ ഹാളില്‍ മിഷന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുടുംബബന്ധങ്ങളിലേക്കും കുട്ടികളുടെ ജീവിതത്തിലേക്കും പിടിമുറുക്കുന്ന ലഹരിയെന്ന സാമൂഹ്യ തിന്മയെക്കതിരെ കുടുംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍, എന്‍.വൈ.കെ യൂത്ത് ക്ലബുകള്‍, ലൈബ്രറി കൗണ്‍സില്‍, പൗരപ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിശാല സംവിധാനം ഒരുക്കും.
ലഹരി വിരുദ്ധ പ്രവര്‍ത്തനം, ലഹരി കൂടാതെയുളള വിനോദപ്രവര്‍ത്തനം, പുനരധിവാസം കൗണ്‍സിലിങ്ങ് പരിചരണം എന്നിവ യുവജനങ്ങളെയും വിദ്യാര്‍ത്ഥി മഹിളാ സംഘടനകളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കും. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയ്ക്ക് അടിമപ്പെട്ട വരെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ മുഖ്യധാരിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുളള പ്രവര്‍ത്തനം മിഷന്റെ ഭാഗമാണ്. സച്ചിന്‍ ടെണ്ടുള്‍ക്കറാണ് മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍. ആദിവാസി തീരദേശ മേഖലയില്‍ വ്യാപക പ്രചാരണവും ബോധവല്‍ക്കരണവും നടത്തും.
റോഡ് ഷോ, ഡോക്യൂമെന്ററി, ചിത്രപ്രദര്‍ശനം, ഫ്‌ളാഷ് മോബ് എന്നിവ ഇതിനായി നടത്തും. വിദ്യാഭ്യാസ സ്ഥാനപങ്ങളില്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. ജില്ലാ ആശുപത്രിയോടനുബന്ധിച്ച് ഡീ-അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. ആന്റിനാര്‍ക്കോട്ടിക് സെല്ലിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. 100 കോടി രൂപ വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിട്ടുണ്ടെന്നും ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്ന 5 ശതമാനം സെസ്സ് വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാര്‍ത്ഥി സംഘടനകള്‍ സജീവമല്ലാത്ത വിദ്യാഭ്യാസ ക്യാമ്പസുകളിലാണ് ലഹരി മാഫിയ കടന്നുകയറിയിട്ടുളളത്. കേന്ദ്ര നിയമത്തിലെ അപര്യാപ്തതയുമാണ് ലഹരി വ്യാപനത്തിന് പ്രധാനകാരണമെന്നും അദ്ധ്യക്ഷത വഹിച്ച കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ മദ്യപിക്കുന്നത് സിനിമകളില്‍ കൂടുതലായി ചിത്രീകരിക്കപ്പെടുന്നത് പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കുന്ന പ്രവണതയാണെന്നും ഇത് അഭികാമ്യമോയെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഗൗരവത്തോടെ വിലയിരുത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. മേയര്‍ അജിത ജയരാജന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എല്‍.എ മാരായ യു.ആര്‍.പ്രദീപ്, അഡ്വ.കെ.രാജന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ എസ്.ഷാനവാസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."