പൊയ്ക്കാലുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല
പരമാര്‍ഥങ്ങളേ പരമമായി പുലരൂ. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കടലാസില്‍ പൊതിഞ്ഞാലും വ്യാജമായത് ദീര്‍ഘനാള്‍ തിളങ്ങി നില്‍ക്കില്ല. സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ മാഞ്ഞുപോവുന്ന മഞ്ഞുപോലെ അവ അപ്രത്യക്ഷമാവും. മുക്കുപണ്ടത്തിന്റെ വ്യാജ പ്രഭക്ക് ഒരു നിമിഷം കബളിപ്പിക്കാനാവുമെങ്കിലും തനിത്തങ്കത്തിന്റെ മാറ്റിനു മുമ്പില്‍ പൊയ്‌ശോഭകള്‍ അഴിഞ്ഞുവീഴുക തന്നെ ചെയ്യും. മനുഷ്യന്റെ അവസ്ഥയും ഇതുതന്നെ. ഉപജാപകവൃന്ദം കൊട്ടിഘോഷത്തോടെ കൊണ്ടുനടക്കുന്ന ആള്‍രൂപങ്ങള്‍ എത്ര വേഗമാണ് വെറും കരിക്കട്ടകളായി ലോകത്തിനു മുന്‍പില്‍ വെളിപ്പെടുന്നത്.
നരേന്ദ്രമോദി എന്ന രാഷ്ട്രീയക്കാരന്റെയും ഭരണാധികാരിയുടെയും ചുറ്റും അനുചരന്മാര്‍ കെട്ടിത്തൂക്കിയ തൊങ്ങലുകള്‍ കൊഴിഞ്ഞുപോവുന്നതും അത്രതന്നെ വേഗത്തിലാണ്. 'മരണത്തിന്റെ വ്യാപാരി'യെന്ന് ചില ക്രാന്തദര്‍ശികള്‍ കൃത്യമായി അടയാളപ്പെടുത്തിയ ഈ വര്‍ഗീയരാഷ്ട്രീയക്കാരനെ കോര്‍പറേറ്റുകളും അവ നിയന്ത്രിക്കുന്ന മാധ്യമങ്ങളുമാണ് മഹാമനസ്‌കനായും സ്ത്രീ വിമോചകനായും രാഷ്ട്രതന്ത്രജ്ഞനായുമൊക്കെ വിശേഷിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടുത്താന്‍ കരുത്തുള്ള കരങ്ങള്‍ എന്ന് ഇവരുടെ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ വീണുപോയ നിഷ്പക്ഷമതികള്‍ പോലും വിശ്വസിച്ചു പോയി എന്നത് നേരാണ്.
തങ്ങള്‍ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ നിക്ഷേപമായി വരുന്നതും കാത്തിരുന്ന അവരെ കുറ്റപ്പെടുത്താനാവില്ല. കാരണം അത്ര ശക്തമായിരുന്നു ഉപജാപസംഘത്തിന്റെ പ്രചാരണ തന്ത്രങ്ങള്‍. പക്ഷേ, സംഭവിച്ചതോ? അവശ്യസാധനങ്ങളുടെ തീവില, കര്‍ഷക ആത്മഹത്യ, പെട്രോളിയം ഉല്‍പന്നങ്ങളുടെ ദിനേനയുള്ള വില വര്‍ധന. നോട്ട് നിരോധിച്ചും ജി.എസ്.ടി മുന്നൊരുക്കമില്ലാതെ അടിച്ചേല്‍പിച്ചും മോദി സാമ്പത്തിക തകര്‍ച്ച സമ്പൂര്‍ണമാക്കി. ക്രമസമാധാന നില അമ്പേ തകര്‍ന്നു. ജാതിക്കലാപങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഗോസംരക്ഷണ ഗുണ്ടകളുടെ അത്യാചാരങ്ങള്‍, സാഹിത്യ സാംസ്‌കാരിക നേതാക്കളുടെ അരും കൊലകള്‍, മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, ജനാധിപത്യവ്യവസ്ഥയില്‍ തന്നെ വിശ്വാസമില്ലാതാക്കുന്ന വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകള്‍, ന്യൂനപക്ഷങ്ങളില്‍ അരക്ഷിതബോധം വളര്‍ത്തുന്ന നിയമനിര്‍മാണങ്ങള്‍, അതിര്‍ത്തിയില്‍ വീരമൃത്യുവരിക്കുന്ന സൈനികരുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ധന, ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ അങ്ങനെ എത്ര വലിയ മോദി ഭക്തര്‍ പോലും സര്‍ക്കാരിന് പാസ് മാര്‍ക്ക് കൊടുക്കാത്ത അവസ്ഥ.
രാഷ്ട്രീയക്കാരനെന്ന നിലക്കും മോദിയുടെ ഗ്രാഫ് താഴോട്ടു തന്നെയാണ്. നാലാള്‍ക്ക് മുന്‍പില്‍ തലയുയര്‍ത്തി നിന്ന് പറയാവുന്ന ആശയ ഗരിമയായിരുന്നില്ല, നാലു മുഴം നീളമുള്ള നാവു മാത്രമായിരുന്നു മോദി എന്ന സംഘ്പരിവാറുകാരന്റെ എക്കാലത്തെയും രാഷ്ട്രീയ ആസ്തി. ആ നാവിന്റെ ബലത്തിലാണ് നവ വോട്ടര്‍മാരെ അദ്ദേഹം തന്നിലേക്ക് വലിച്ചടുപ്പിച്ചത്. സ്വഛ് ഭാരതമെന്നും മേയ്ക്ക് ഇന്‍ ഇന്ത്യാ എന്നുമൊക്കെ കേട്ട് ആവേശഭരിതരായവര്‍ ഇന്ന് പക്ഷേ ഹതാശരാണ്. പുതിയ ഭൂമിയും ആകാശവും സ്വപ്‌നം കണ്ടവര്‍ നിരാശരായിരിക്കുന്നു. നടപ്പാക്കിയില്ലെങ്കിലും മികച്ച മുദ്രാവാക്യങ്ങളെങ്കിലും മുന്നോട്ടുവയ്ക്കാന്‍ അന്ന് മോദിക്ക് കഴിഞ്ഞിരുന്നു.
ഇന്ന് ആവനാഴിയില്‍ മറ്റൊന്നും ഇല്ലാത്തത് കൊണ്ടാവണം മ്ലേഛമായ വാക്കുകളാണ്, തെളിച്ചു പറഞ്ഞാല്‍ തറരാഷ്ട്രീയക്കാരന്റെ പീറ വാക്കുകളാണ് മോദിയില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ രാജ്യം അത് കേട്ടതാണ്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹാലിളകിയ പ്രധാനമന്ത്രി രണ്ടാംഘട്ടത്തില്‍ വായില്‍ തോന്നിയത് വിളിച്ചു കൂവുകയായിരുന്നു. സാത്വികനായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തി, അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പദ്ധതിയിട്ടു തുടങ്ങിയ വിഷലിപ്തമായ ആരോപണങ്ങളാണ് മോദി യാതൊരു തെളിവുമില്ലാതെ ഉന്നയിച്ചത്. ഗുരുതരമായ ഈ ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ആവര്‍ത്തിക്കാന്‍ പ്രതിപക്ഷം വെല്ലുവിളിച്ചപ്പോള്‍ നേരിടാന്‍ കഴിയാതെ ഒളിച്ചോടുകയായിരുന്നു 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി. മോദിയുടെ ദൗര്‍ബല്യം ആദ്യം തിരിച്ചറിഞ്ഞത് നമ്മുടെ അയല്‍രാജ്യങ്ങള്‍ തന്നെയാണ്.
ചൈന അരുണാചല്‍പ്രദേശില്‍ നടത്തുന്ന കൈയേറ്റങ്ങളും പാകിസ്താന്‍ അതിര്‍ത്തിയില്‍ നിരന്തരം തുടരുന്ന സംഘര്‍ഷവും ഹിമാലയത്തിന്റെ കാര്യത്തില്‍ കൊച്ചു രാജ്യമായ നേപ്പാള്‍ കാണിക്കുന്ന ധാര്‍ഷ്ട്യവും ഭരണാധികാരിയെന്ന നിലയില്‍ മോദിയുടെ ശക്തിക്ഷയത്തിനുള്ള ഉദാഹരണങ്ങളാണ്. മോദിയുടെ പതനം എത്രത്തോളമായി എന്ന് വ്യക്തമാക്കുന്നതാണ് ഈയിടെ ഗുജറാത്തിലുണ്ടായ സംഭവങ്ങള്‍. ഇഷ്ട വകുപ്പുകള്‍ കിട്ടിയില്ലെന്ന് പറഞ്ഞ് ചുമതലയേല്‍ക്കാതെ മോദിയെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ഉപമുഖ്യമന്ത്രി നിതിന്‍പട്ടേല്‍. ഒടുവില്‍ പട്ടേലിനു മുമ്പില്‍ പൂര്‍ണമായി കീഴടങ്ങിയാണ് മോദി പ്രശ്‌നം ഒരുവിധം പരിഹരിച്ചത്. ഗുജറാത്ത് മറ്റു സംസ്ഥാനങ്ങള്‍ പോലെയല്ല. മോദിയുടെ ഈറ്റില്ലവും പോറ്റില്ലവുമാണ്. ഗുജറാത്ത് ഇന്ന് ചിന്തിക്കുന്നത് നാളെ രാജ്യം ചിന്തിക്കുമെന്നായിരുന്നു സംഘ്പരിവാരത്തിന്റെ മുദ്രാവാക്യം. അത് ശരിയാണെങ്കില്‍ ഗുജറാത്തിലെ പരാജയം മറ്റിടങ്ങളിലും മോദിയെ കാത്തിരിക്കുന്നുവെന്നുവേണം കരുതാന്‍. സുബ്രഹ്മണ്യന്‍സ്വാമിയും യശ്വന്ത്‌സിന്‍ഹയും ശത്രുഘ്‌നന്‍സിന്‍ഹയും ഉയര്‍ത്തിയതുപോലെ നിസ്സാരമല്ല ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തില്‍ നിന്നുയര്‍ന്നുവന്ന വിമത ശബ്ദം എന്നത് ഏറെ ഗൗരവം അര്‍ഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."