പറമ്പിക്കുളം വെള്ളം: മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലെന്ന് സൂചന
പാലക്കാട്: തമിഴ്‌നാടിനെ പിണക്കി പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളംവാങ്ങിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലെന്ന് സൂചന. ഇക്കാര്യത്തില്‍ തമിഴ്‌നാടിനെ പ്രകോപിപ്പിക്കുന്ന ഒരു നിലപാടുംസ്വീകരിക്കേണ്ടെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായും അറിയുന്നു.
കേരള - തമിഴ്‌നാട് ചീഫ്‌സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി ജനുവരി 30 വരെ കേരളത്തിന് കുറഞ്ഞ തോതിലെങ്കിലും വെള്ളം വിട്ടു നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഫെബ്രുവരി അവസാനം വരെ തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാമില്‍ നിന്നു ലഭിക്കേണ്ട വെള്ളം കിട്ടിയില്ലെങ്കില്‍ പാലക്കാട് ജില്ലയില്‍ രണ്ടാംവിള കൊയ്‌തെടുക്കാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കരാര്‍ പ്രകാരം കിട്ടാനുള്ള വെള്ളം മുഴുവന്‍ തമിഴ്‌നാടില്‍ നിന്ന് വാങ്ങിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ചിറ്റൂരിലെകര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിന് തയാറെടുക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നിലപാട് പുറത്തുവരുന്നത്. എം.എല്‍.എമാരായ കെ.കൃഷ്ണന്‍ കുട്ടി, കെ.വി.വിജയദാസ്, കെ.ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഈ മാസം ഒന്‍പതിന് ചിറ്റൂരില്‍ സമരപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ യോഗം വിളിച്ചിട്ടുണ്ട്.
ചീഫ്‌സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയാലും കേരളത്തിന് ഇത്തവണ കരാര്‍പ്രകാരം കിട്ടേണ്ട വെള്ളം വിട്ടുതരാന്‍ തമിഴ്‌നാട് തയാറാവില്ലെന്നു തന്നെയാണ് വിവരം. ആവശ്യത്തിന് മഴ പെയ്യാത്തതിനാല്‍ ഡാമുകളില്‍ വെള്ളം കുറവാണെന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്. കീഴ്‌നദീതടാവകാശപ്രകാരം കേരളത്തിന്അര്‍ഹതപ്പെട്ട വെള്ളം തമിഴ്‌നാട് വിട്ടു നല്‍കേണ്ടതുണ്ട്. കേരളത്തില്‍ സ്ഥിതിചെയ്യുന്ന പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ ഇപ്പോള്‍ പത്തു ടി.എം.സി.യോളം വെള്ളം ഉണ്ടെന്നു കേരളത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ അഞ്ചു ടി.എം.സി കരുതല്‍ വെള്ളമാണ്.
ബാക്കിയുള്ള അഞ്ചു ടി.എം.സി. ജലത്തില്‍ രണ്ടു ടി.എം.സി ആളിയാര്‍ ഡാമില്‍ നിറച്ചാല്‍ ഈ വര്‍ഷം കേരളത്തിലെ വരള്‍ച്ചയില്‍ നിന്നും രക്ഷപെടാന്‍ പറ്റും. രണ്ടു തവണ ഭാരതപ്പുഴയില്‍ വെള്ളം തുറന്നു വിട്ടാല്‍ കുടിവെള്ളക്ഷാമവുംപരിഹരിക്കാനാവും. ഇത്രയും കിട്ടിയില്ലെങ്കില്‍ കുടിക്കാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥ വരും.
പറമ്പിക്കുളത്തെ വെള്ളം ആളിയാര്‍ ഡാമില്‍ നിറയ്ക്കാതെ തിരുമൂര്‍ത്തി ഡാമിലേക്ക് കൊണ്ടുപോകുകയാണ് തമിഴ് നാട് ഇപ്പോള്‍ ചെയ്യുന്നത്. കേരളത്തിന് വെള്ളം നല്‍കാതിരിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമങ്ങളെല്ലാം. കിട്ടാനുള്ള വെള്ളംചോദിച്ചാല്‍ കേരളത്തിന് ദോഷം ചെയ്യുമെന്നാണ് അന്തര്‍ സംസ്ഥാന ജലക്രമീകരണ ബോര്‍ഡിലുള്ള കേരളത്തിലെ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇതിനെതിരേ കഴിഞ്ഞമാസത്തെ ജില്ലാ വികസന സമിതിയോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ജനപ്രതിനിധികളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു.
ഇന്നലെ ആളിയാര്‍ ഡാമിലെ ജലനിരപ്പ് 1.151 ടി.എം.സി മാത്രമാണ്. കരുതല്‍ ശേഖരംകഴിച്ചാല്‍ കഷ്ടിച്ചു ഒരു ടി.എം.സി വെള്ളമേ കേരളത്തിന് നല്‍കാന്‍ കഴിയൂ. ഇപ്പോള്‍ ദിവസം 410 ഘനയടി വെള്ളം കേരളത്തിലേക്ക് തുറന്നു വിടുന്നുണ്ട്. ജനുവരി 15 വരെയേ ഈവെള്ളം കിട്ടൂ. ഇനി ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി വിജയിച്ചാല്‍ ജനുവരി അവസാനം വരെ വെള്ളം കിട്ടിയേക്കും. അതുകൊണ്ടും കേരളത്തിലെ നെല്ലറയായ പാലക്കാട്ടെ നെല്‍കൃഷിക്ക് മതിയാവില്ല. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രണ്ടാം വിള ഇറക്കരുതെന്നു ജില്ലാഭരണകൂടം ഉത്തരവിറക്കിയിരുന്നു.
പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം ഏഴേകാല്‍ ടി. എം. സി ജലം വിട്ടു തരണം. മൂന്നേമുക്കാല്‍ ടി. എം.സിയാണ് ഇതുവരെ തന്നത്. കരാര്‍ പ്രകാരം മൂന്നര ടി.എം.സി.വെള്ളം കൂടി തമിഴ്‌നാട് വിട്ടു നല്‍കേണ്ടതുണ്ട്. അത് മുഴുവന്‍കിട്ടിയില്ലെങ്കില്‍ ഭാരതപുഴയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളും വറ്റിവരളുന്ന അവസ്ഥ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."