രക്ഷപ്പെടുത്താന്‍ വീണ്ടും ഡേവിഡ് ജെയിംസ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയത്തിന്റെ വാരിക്കുഴിയില്‍ നിന്ന് കരകയറ്റാന്‍ ഡേവിഡ് ജെയിംസ് എത്തി. റെനെ മ്യൂളന്‍സ്റ്റീനെ പടിയിറക്കിയ സ്ഥാനത്തേക്കാണ് മുന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ഡേവിഡ് ബെഞ്ചമിന്‍ ജെയിംസിനെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നിയമിച്ചത്. മുഖ്യ പരിശീലകനായുള്ള ഡേവിഡ് ജെയിംസിന്റെ രണ്ടാം വരവാണിത്. 2014 ലെ പ്രഥമ ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനും മാര്‍ക്വീ താരവും ഗോള്‍കീപ്പറുമായിരുന്നു ഡേവിഡ് ജെയിംസ്. ഐ.എസ്.എല്‍ ആദ്യ സീസണില്‍ ശരാശരി സംഘമായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിച്ച് അത്ഭുതം സൃഷ്ടിച്ച പരിശീലന മികവാണ് ഡേവിഡ് ജെയിംസിനെ മടക്കികൊണ്ടുവരാന്‍ ബ്ലാസ്റ്റേഴ്‌സ് അധികൃതരെ പ്രേരിപ്പിച്ച പ്രധാന ഘടകം. 2010ലെ ഫിഫ ലോകകപ്പില്‍ ഉള്‍പ്പടെ അന്‍പതിലേറെ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍വല കാത്തത് ഡേവിഡ് ജെയിംസായിരുന്നു. 43 കാരനായ ഡേവിഡ് ജെയിംസ് ഏഴ് വര്‍ഷം ലിവര്‍പൂളിനായി കളിച്ചു. 214 മത്സരങ്ങളിലാണ് ലിവര്‍പൂളിന്റെ വിശ്വസ്ഥ കാവല്‍ക്കാരനായി നിലകൊണ്ടത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ പരിശീലനത്തിന്റെ പെരുമയുമായി എത്തിയ റെനെ മ്യൂളന്‍സ്റ്റീനും വിഖ്യാതരായ വിദേശതാരങ്ങളുണ്ടായിട്ടും നാലാം പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പരാജയത്തിന്റെ വാരിക്കുഴിയിലാണ്. ഇനി ശേഷിക്കുന്നത് 11 മത്സരങ്ങള്‍. ഒന്‍പത് എണ്ണം ജയിച്ചാല്‍ മാത്രമേ ലീഗില്‍ ആദ്യ നാലില്‍ എത്തു.
താളം തെറ്റിയ ബ്ലാസ്റ്റേഴ്‌സ് നിരയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുകയും വിജയ വഴിയിലേക്ക് തിരിച്ചെത്തിക്കുകയുമെന്ന കഠിനമായ ജോലിയാണ് ഡേവിഡ് ജെയിംസിനെ കാത്തിരിക്കുന്നത്. അവശേഷിക്കുന്ന മത്സരങ്ങളില്‍ ഡേവിഡ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. മുന്‍ ഇംഗ്ലീഷ് ഗോള്‍ കീപ്പറെ മുഖ്യ പരിശീലകനായി നിയോഗിക്കാനുള്ള ടീം മാനേജ്‌മെന്റ് തീരുമാനത്തിന് ഐ.എസ്.എല്‍ സംഘാടകര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രഥമ സീസണില്‍ മാര്‍ക്വീ താരമായി ഫൈനല്‍ വരെ ബ്ലാസ്റ്റേഴ്‌സിനെ എത്തിക്കുന്നതില്‍ ജെയിംസിന്റെ പങ്ക് വളരെ വലുതായിരുന്നു. റെനെയെ പടിയിറക്കാന്‍ തീരുമാനിച്ച മാനേജ്‌മെന്റ് ഏഷ്യന്‍ പര്യടനത്തിലായിരുന്ന ഡേവിഡ് ജെയിംസിനെ ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നലെ വൈകിട്ടോടെ ജെയിംസ് ചുമതല ഏറ്റെടുത്തത്. ആദ്യ സീസണില്‍ 14 മത്സരങ്ങളില്‍ അഞ്ച് ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ വരെ എത്തിയത്.
സീസണിന്റെ തുടക്കം മുതല്‍ റെനെ മ്യൂളന്‍സ്റ്റീനും താരങ്ങളും തമ്മില്‍ കടുത്ത ഭിന്നത ബ്ലാസ്റ്റേഴ്‌സില്‍ നിലനിന്നിരുന്നു. ബി.എഫ്.സിയോടുള്ള തോല്‍വിയോടെ ഇത് മൂര്‍ധന്യത്തില്‍ എത്തി. ഇയാന്‍ ഹ്യൂം ഒഴികെയുള്ള വിദേശ താരങ്ങള്‍ക്ക് മാത്രമായിരുന്നു റെനെ പ്രാമുഖ്യം നല്‍കിയത്. ടീമില്‍ ഐക്യമുണ്ടാക്കി കളിയുടെ താളം വീണ്ടെടുത്ത് ബ്ലാസ്റ്റേഴ്‌സിനെ വിജയ വഴിയിലേക്ക് മടക്കികൊണ്ടു വരികയെന്ന ദൗത്യമാണ് ഡേവിഡ് ജെയിംസിനുള്ള പ്രധാന വെല്ലുവിളി. ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറച്ചു മത്സരങ്ങള്‍ക്കായി പരിശീലകനെ കണ്ടെത്തുക എന്നതും ഡേവിഡ് ജെയിംസിന് നേട്ടമായി. പൂനെ സിറ്റി എഫ്.സിയെ നേരിടാന്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയുടെ അങ്കത്തട്ടില്‍ ഇറങ്ങുമ്പോള്‍ ഡേവിഡ് കുമ്മായ വരയ്ക്കിപ്പുറം തന്ത്രങ്ങളൊരുക്കി നിലയുറപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."