' അതിലും വലിയ ആണവ ബട്ടണ്‍ എന്റെ പക്കലുണ്ട് '; കിമ്മിന് ട്രംപിന്റെ മറുപടി
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആണവ ഭീഷണിക്ക് അതേനാണയത്തില്‍ മറുപടിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഉ.കൊറിയയെക്കാള്‍ വലിയ ആണവ ബട്ടണ്‍ തന്റെ പക്കലുണ്ടെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി. അത് ഉ.കൊറിയയുടേതിനെക്കാള്‍ വലുതും കരുത്തുറ്റതും പ്രവര്‍ത്തനക്ഷമവുമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
യു.എസ് മുഴുവന്‍ പരിധിയിലാക്കുന്ന ആണവായുധം തങ്ങളുടെ കൈയിലുണ്ടെന്നും അതിന്റെ ബട്ടണ്‍ തന്റെ മേശപ്പുറത്തുണ്ടെന്ന് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബിലിസ്റ്റിക് മിസൈലുകളും ആണവായുധങ്ങളും കൂടുതല്‍ ശക്തിയോടെ നിര്‍മിക്കുമെന്നും കിം ജോങ് പ്രഖ്യാപിച്ചിരുന്നു. പുതുവത്സരത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഉന്നിന്റെ പ്രസ്താവന.
ഉ.കൊറിയക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ശക്തമായ തിരിച്ചടിയാണ് അവര്‍ക്കുണ്ടായിരിക്കുന്നത്. ദ.കൊറിയയിലേക്ക് ഉ.കൊറിയന്‍ സൈനികള്‍ ഒളിച്ചോടുന്നു.
റോക്കറ്റ് മാന്‍ ഇപ്പോള്‍ ദ. കൊറിയയുമായി സംഭാഷണത്തിന് സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ഇത് ഒരു നല്ല വാര്‍ത്തയാണെങ്കിലും ഞങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."