സര്‍ക്കാരിന് പിന്തുണയുമായി ഇറാന്‍ ജനത
തെഹ്‌റാന്‍: ഇറാനില്‍ ഏഴ് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടയില്‍ സര്‍ക്കാരിന് പിന്തുണയുമായി ആയിരക്കണക്കിന് ജനങ്ങള്‍ തെരുവില്‍. അഹ്‌വാസ് ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പത്ത് നഗരങ്ങളില്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന റാലികള്‍ നടന്നു.
രാജ്യദ്രോഹികളെ തൂക്കിലേറ്റണം, രാജ്യത്ത് ശത്രുതയുണ്ടാക്കുന്ന യു.എസ്, ഇസ്‌റാഈല്‍, യു.കെ എന്നീ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങള്‍ റദ്ദ് ചെയ്യണമെന്ന് സര്‍ക്കാര്‍ അനുകൂല സമരക്കാര്‍ ആവശ്യപ്പെട്ടു.
തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലവര്‍ധന എന്നിവയ്‌ക്കെതിരേ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 22 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2009ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നു നടന്ന പ്രക്ഷോഭത്തിനു ശേഷം ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധമാണിപ്പോള്‍ നടക്കുന്നത്.
രാജ്യത്തുടനീളം പടര്‍ന്ന പ്രതിഷേധത്തില്‍ ഇതുവരെ നൂറുകണക്കിന് ആളുകളെ അറസ്റ്റു ചെയ്തു. അതിനിടെ ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതികരണവുമായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ഇറാന്റെ ശത്രുക്കളാണെന്നാണ് ഖാംനഇ ആരോപിച്ചത്. സംഭവത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തിങ്കളാഴ്ച ആദ്യമായി പ്രതികരിച്ചിരുന്നു. സമാധാനപരമായി സമരം ചെയ്യാനായിരുന്നു ഖാംനഇയുടെ ആഹ്വാനം.
രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കണം. ജന താല്‍പര്യങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ന്യൂനപക്ഷം വരുന്ന ജനങ്ങളെ രാജ്യം കൈകാര്യം ചെയ്യും. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് അക്രമങ്ങളിലൂടെ ആകരുത്- റൂഹാനി വ്യക്തമാക്കി.
ഭക്ഷ്യ- ഇന്ധന വിലകള്‍ കുതിച്ചുയരുന്നതിലും തെറ്റായ സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇറാന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയത്.
ഇറാന്റെ ആരോപണം:
വിഡ്ഢിത്തമെന്ന് യു.എസ്
വാഷിങ്ടണ്‍: ഇറാനിലെ പ്രക്ഷോഭത്തിനു പിന്നില്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന ഇറാന്‍ പരമോന്നത നേതാവ് ആയുത്തുല്ല ഖാംനഇയുടെ പ്രസ്താവനക്കെതിരേ യു.എസ്.
അവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും നിലവിലെ സാഹചര്യത്തില്‍ അടിയന്തര യോഗം ചേരാന്‍ യു.എന്നിനോട് ആവശ്യപ്പെടുമെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു.
ഇറാനിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനായാണ് കരയുന്നത്. യു.എന്‍ ചാര്‍ട്ടിന്റെ കീഴില്‍ സംരക്ഷിക്കേണ്ട സ്വാതന്ത്ര്യം ഇറാനില്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇറാനിലെ ഏകാധിപത്യത്തിനെതിരേ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങളുണ്ടാവുമെന്നും നിക്കി ഹാലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."