കേരള ബ്ലാസ്റ്റേഴ്‌സ് - എഫ്.സി പൂനെ സിറ്റി പോരാട്ടം ഇന്ന്
കൊച്ചി: കലിപ്പടക്കാന്‍ കഴിയാതെ കിതപ്പിലായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന് കീഴിയില്‍ തിരിച്ചു വരുമോ. എഫ്.സി പൂനെ സിറ്റിയെ നേരിടാന്‍ കൊച്ചിയുടെ കളിത്തട്ടില്‍ ഇന്ന് ഇറങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങുകയാണ്. കരുത്തരായാണ് പൂനെ സിറ്റിയുടെ വരവ്. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും മൂന്ന് തോല്‍വിയുമായി 15 പോയിന്റുള്ള പൂനെ സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും രണ്ട് പരാജയവുമായി ഏഴ് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. ലീഗിലെ സ്ഥാനം എട്ടാമതും.
ഒത്തിണക്കമുള്ള ടീമായി കുതിക്കുന്ന പൂനെയെ താളംതെറ്റി പായുന്ന ബ്ലാസ്റ്റേഴ്‌സിന് പിടിച്ചു കെട്ടാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. റെനെ മ്യൂളന്‍സ്റ്റീനെ പടിയിറക്കി പകരക്കാരനായി ഡേവിഡ് ജെയിംസ് കൊണ്ടുവന്നു. ഇന്നലെ പരിശീലനത്തിന്റെ പൂര്‍ണ സമയവും ജെയിംസ് ടീമിനൊപ്പം ഉണ്ടായിരുന്നു. വീഴ്ചകളെല്ലാം മറന്ന് പുതുവര്‍ഷത്തില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്താമെന്ന മോഹത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. മികച്ചൊരു പ്ലേമേക്കറുടെ അഭാവമാണ് ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കുന്നത്. മിഡ്ഫീല്‍ഡില്‍ മികച്ചൊരു താരമില്ല. മികവ് പുലര്‍ത്തിയ താരങ്ങളെല്ലാം പരുക്കിന്റെ പിടിയിലും. ഫിറ്റ്‌നസ് വീണ്ടെടുത്ത ബെര്‍ബറ്റോവ് ഇന്ന് ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി കളത്തിലെത്തും. മുന്‍ മത്സരങ്ങളിലെ 4-2-3-1, 4-1-4-1 ശൈലിയില്‍ നിന്ന് ജെയിംസിന്റെ ഇഷ്ട ശൈലിയായ 4-4-2 രീതിയിലാകും ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്തുക. ഇയാന്‍ ഹ്യൂമിനൊപ്പം മാര്‍ക്ക് സിഫ്‌നിയോസും ആക്രമണം നയിക്കും. നാല് മഞ്ഞകാര്‍ഡ് കിട്ടിയതോടെ പുറത്തായ ഇവാന്‍ പെസിച്ചിന് പകരം വെസ് ബ്രൗണ്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ സന്തോഷ് ജിങ്കനൊപ്പം പ്രതിരോധത്തിനിങ്ങാനാണ് സാധ്യത. പരുക്കെന്ന് വ്യക്തമാക്കിയ സി.കെ വിനീത് ഇന്നും പുറത്തിരിക്കും.
നാലാം പതിപ്പിലെ ശക്തരെ മുട്ടുത്തിച്ച് വലിയ വിജയങ്ങളുമായാണ് പൂനെയുടെ വരവ്. മുന്നേറ്റത്തിലെ കരുത്താണ് പൂനെയുടെ ശക്തി. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സെലീഞ്ഞോ, ഉറുഗ്വെ താരം എമിലിയാനോ ആല്‍ഫാരോ എന്നിവര്‍ മിന്നുന്ന ഫോമിലാണ്. നോര്‍ത്ത്ഈസ്റ്റിനെതിരേ ഹാട്രിക്ക് നേടിയാണ് മാഴ്‌സെലീഞ്ഞോയുടെ വരവ്. മാഴ്‌സെലീഞ്ഞോയും എമിലിയാനോയും ഇതുവരെ അഞ്ച് ഗോളുകള്‍ നേടി. മൂന്ന് ഗോളുകള്‍ നേടി ആദില്‍ ഖാനും മിന്നുന്ന ഫോമില്‍. അണ്ടര്‍ 21 താരവും മലയാളിയുമായ ആഷിഖ് കുരുണിയന്‍ പരുക്ക് മാറി ഗോളടിച്ച് ലീഗില്‍ വരവറിയിച്ചു. മധ്യനിരയില്‍ കളിമെനഞ്ഞ് മാര്‍ക്കോസ് ടെബാറും ജോനാഥന്‍ ലൂക്കയുമണ്ട്. പരുക്കിന്റെ പിടിയിലായ ബല്‍ജിത് സാഹ്‌നി കൊച്ചിയില്‍ എത്തിയിട്ടില്ല. പൂനെ സിറ്റിയുടെ മുഖ്യ പരിശീലകന്‍ റാങ്കോ പോപോവിച്ചും ഇന്ന് മൈതാനത്തിറങ്ങില്ല. മോശം പെരുമാറ്റത്തിന് നാല് മത്സരങ്ങളില്‍ വിലക്ക് നേരിടുകയാണ് റാങ്കോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."