മനുഷ്യജാലിക ഉണര്‍ത്തുന്ന റിപബ്ലിക് ദിന ചിന്തകള്‍
നമ്മുടെ രാജ്യം അറുപത്തേഴാം റിപബ്ലിക് ദിനമാഘോഷിക്കുകയാണ്. 1947ല്‍ സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യ പരമാധികാര രാഷ്ട്രമായത് സ്വന്തമായ ഭരണഘടന പ്രാബല്യത്തില്‍ വന്നതോടെയാണ്. ഒരു രാജ്യത്തിന്റെ പരമോന്നത നിയമസംഹിതയാണു ഭരണഘടന. ഓരോ വര്‍ഷവും റിപബ്ലിക് ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നത് ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണമാണ്.
ലോകത്തെ ഏറ്റവുംവലിയ മതേതര ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കാന്‍മാത്രം ഉന്നതമാണു നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ മുദ്രാവാക്യം. എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിഭജനം മുതല്‍ ബാബരി മസ്ജിദ് വരെയുള്ള സങ്കീര്‍ണതകള്‍ വിതച്ചുകൊണ്ടാണു ബ്രിട്ടിഷുകാര്‍ രാജ്യം വിട്ടത്. ചരിത്രപ്രസിദ്ധമായ വട്ടമേശസമ്മേളനത്തില്‍ ഗാന്ധിജിയുടെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു:
'ബ്രട്ടിഷ് ഭരണം വരുന്നതിനുമുമ്പ്, ഇന്ത്യയില്‍ ഇംഗ്ലീഷുകാരുടെ മുഖംപോലും കാണാത്ത കാലത്ത് ഹിന്ദുക്കളും മുസ്‌ലിംകളും സിക്കുകാരും പരസ്പരം യുദ്ധം ചെയ്യുകയായിരുന്നോ. ഹിന്ദുക്കളും മുസ്‌ലിംകളും സമാധാനപരമായി ജീവിക്കുകയായിരുന്നുവെന്നു വെളിപ്പെടുത്തുന്ന ഹിന്ദു-മുസ്‌ലിം ചരിത്രകാരന്മാരുടെ ലേഖനവും കവിതകളും സുലഭമാണ്. ആ കാലത്തൊരിക്കലും കലാപങ്ങളുണ്ടായിരുന്നില്ല. കലാപങ്ങള്‍ ബ്രിട്ടിഷുകാരുടെ വരവോടെയുണ്ടായതാണ്.'
ഈ യാഥാര്‍ഥ്യം മുന്നില്‍ കണ്ടുകൊണ്ടുവേണം നമ്മുടെ ജനാധിപത്യ മതേതര സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും സാമുദായികസൗഹാര്‍ദത്തിനു ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ശക്തികളെ ചെറുക്കാനുള്ള പ്രായോഗിക നീക്കങ്ങള്‍ നടത്തേണ്ടത്. ഹിന്ദു-മുസ്‌ലിം ഭരണാധികാരികളുടെ ദീര്‍ഘകാലത്തെ ചരിത്രം നല്‍കുന്ന സൗഹാര്‍ദസന്ദേശത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചതും ഇതേ ബ്രിട്ടിഷുകാരായിരുന്നു. ഇന്ത്യയില്‍ അറിയപ്പെടുന്ന രാമഭക്തനായ തുളസീദാസ് ജീവിച്ചത് 1543 -1623 കാലത്താണ്. 1528ല്‍ ബാബര്‍ പള്ളി നിര്‍മിച്ചതു ക്ഷേത്രം തകര്‍ത്തുകൊണ്ടാണെന്നു തുളസീദാസ് എവിടെയും പറഞ്ഞിട്ടില്ല. ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെ ശത്രുക്കള്‍ ആസൂത്രണം ചെയ്ത അജന്‍ഡകള്‍ ഉയര്‍ത്തിപ്പിടിക്കുകയും അതിലൂടെ നിക്ഷിപ്തരാഷ്ട്രീയനീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നവരാണ് ഇന്നു രാജ്യത്തെ പുറകോട്ടു നയിക്കുന്നവര്‍.
രാജ്യം വിഭജിക്കപ്പെടുമ്പോള്‍ നാലു കോടി മുസ്‌ലിംകള്‍ ഇന്ത്യയില്‍ അവശേഷിച്ചതിന്റെ കാരണം സ്വന്തം മതത്തിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട രാജ്യത്തേക്കാള്‍ ജന്മനാട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള ദേശീയബോധമായിരുന്നു. 1947 ല്‍ മലബാറില്‍പോലും പുലിക്കോട്ടില്‍ ഹൈദറിന്റെ ഈരടികളാണ് അലയടിച്ചത്. അത് ഇങ്ങനെയായിരുന്നു:
'പാകിസ്താനില്‍ പോകൂലാ
പാകിസ്താനികളാകൂല
പാകിസ്താനിലയക്കണമെന്ന
അപ്പരിപ്പിനി വേവൂലാ...'
ഇവിടെയാണ് ഇന്ന് ഇടയ്ക്കിടെ മുസ്‌ലിംകളെ പാകിസ്താനില്‍ അയക്കാന്‍ വേണ്ടി മുറവിളികൂട്ടുന്നവരുടെ പിന്നാമ്പുറങ്ങള്‍ തിരിച്ചറിയേണ്ടത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടിഷ് അനുകൂലനിലപാടു സ്വീകരിച്ച, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ അണിനിരന്ന സ്വാതന്ത്ര്യസമര പോരാളികളെ ബ്രിട്ടിഷുകാര്‍ക്ക് ഒറ്റുകൊടുത്ത, വിചാരധാരയിലൂടെ ഇന്ത്യന്‍ ഭരണഘടനയെപ്പോലും അവഹേളിച്ച ആളുകളാണ് ഇന്നു മുസ്‌ലിംകളെ ദേശസ്‌നേഹം പഠിപ്പിക്കുന്നത്.
രാഷ്ട്രപിതാവിനെ ഇകഴ്ത്തുകയും അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്‌സെയെ ആഘോഷപൂര്‍വം കൊണ്ടാടുകയും ചെയ്യുന്നവര്‍ ഇന്നു രാജ്യം ഭരിക്കുന്നുവെന്ന അപമാനം സഹിച്ചുകൊണ്ടാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത്.
ഇവിടെ ആത്മവിശ്വാസത്തോടെ രാജ്യത്തെക്കുറിച്ചു നല്ല സ്വപ്നങ്ങള്‍ കാണാനും പൂര്‍വപ്രതാപത്തിലേക്കു രാജ്യത്തെ തിരിച്ചെത്തിക്കാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയെന്നതാണു പുതുതലമുറയുടെ ദൗത്യം. മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തിലും മതസാമുദായങ്ങള്‍ തങ്ങളുടെ സാമൂഹികദൗത്യത്തിലും ഈ മഹിതമായ ലക്ഷ്യത്തിലേയ്ക്കു തങ്ങളുടെ കര്‍മപഥങ്ങളെ ക്രമപ്പെടുത്തേണ്ടതുണ്ട്. കേവലം 32 ശതമാനം ജനങ്ങളുടെ വോട്ടു നേടിയ നരേന്ദ്ര മോദി രാജ്യത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി പ്രധാനമന്ത്രിപഥത്തിലെത്തിയത് മോദിയുടെ വിജയമല്ല, മതേതരജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കു സംഭവിച്ച അപചയമാണ്.
ഈ തെറ്റുതിരുത്തി മുന്നോട്ടുപോകാനാണു ശ്രമിക്കേണ്ടത്. മതസൗഹാര്‍ദം തളര്‍ത്താന്‍ ഏതു കേന്ദ്രങ്ങളില്‍നിന്നു ശ്രമമുണ്ടായാലും അതിനെ നേരിടാന്‍ ജനകീയ ചെറുത്തുനില്‍പ്പിനു തയാറാവണം. കരിനിയമങ്ങള്‍കൊണ്ടു ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലായ്മചെയ്യാന്‍ സാധിക്കുമെന്ന വാദം ഭീമാബദ്ധമാണെന്നതിന്റെ തെളിവ് ഇന്ത്യയില്‍ത്തന്നെയുള്ള കരിനിയമങ്ങളും അവയുടെ ദുരുപയോഗവുമാണ്. അത്തരം നിയമങ്ങള്‍ ഭരണകൂടഭീകരത സൃഷ്ടിക്കും.
ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തുല്യനീതിയാണു പ്രാഥമികമായി ഇവിടെ ലഭ്യമാവേണ്ടത്. വര്‍ഗീയമായ രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ തന്നെ ദുരുപയോഗം ചെയ്യപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം ഇന്നുണ്ട്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ദലിതുകള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അവഗണനയും അവര്‍ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളും അതിന്റെ അലയൊലികളും തീര്‍ത്തും ഭരണഘടനാവിരുദ്ധമാണ്.
മതമുപയോഗിച്ചു തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്ന ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തതു തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മതവും വര്‍ഗീയതയും ഉപയോഗിച്ച സംഘ്പരിവാറാണ്. ഇതിന്റെ പിന്നിലെ താല്‍പര്യം നിയമവിദഗ്ധന്മാര്‍ക്കിടയില്‍ സഗൗരവം ചര്‍ച്ചയാവേണ്ടതുണ്ട്.
ഇന്ത്യന്‍ മതേതരത്വം എല്ലാ മതങ്ങള്‍ക്കും തുല്യ ആദരവു നല്‍കുന്നതാണ്. ജനപ്രാതിനിധ്യ നിയമം 123 വകുപ്പില്‍ പറയുന്നത് രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കുവേണ്ടി മതത്തെ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നാണ്. ഇവിടെ ഗൗരവപൂര്‍വം കാണേണ്ടത് 1995ല്‍ ജസ്റ്റിസ് വര്‍മയുടെ ഹിന്ദുത്വം സംബന്ധിച്ച സുപ്രിംകോടതി വിധിയാണ്. ഈ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍വേണം പുതിയ സുപ്രിംകോടതി വിധിയെ ബി.ജെ.പി സ്വാഗതം ചെയ്തതിനെ മനസ്സിലാക്കാന്‍. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ വിലക്കാനുള്ള മുന്നൊരുക്കമാണ് ഉന്നത നീതിപീഠത്തില്‍നിന്നുപോലുമുണ്ടായത് എന്ന ആശങ്ക അസ്ഥാനത്തല്ല. അനേകം മതങ്ങളുള്ള ഇന്ത്യയില്‍ ഈ വിധി പ്രായോഗികമാണോയെന്നു പുനഃപരിശോധിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്.
രാജ്യം അടിക്കടി കാവിവത്കരിക്കാനും പ്രധാനമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറാനും ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മുമ്പൊന്നുമില്ലാത്തവിധം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭരണഘടനാനുസൃതമായി മുന്നോട്ടു പോവേണ്ടതിനുപകരം ഭരണഘടനതന്നെ വെല്ലുവിളി നേരിടുകയാണ്. മതനിരപേക്ഷതയ്ക്കു നേരെ ഉയരുന്ന വെല്ലുവിളികള്‍, സാംസ്‌കാരികവൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങി ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സുപ്രധാന മൂല്യങ്ങള്‍ എന്നിവ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയാണ് ഓരോ ഇന്ത്യക്കാരനും പുതുക്കേണ്ടത്.
രാജ്യത്തിന്റെ പാരമ്പര്യസൗഹാര്‍ദത്തിലേയ്ക്കു തിരിച്ചുപോവാനും ലോകത്തിന്റെ മുമ്പില്‍ ഉയര്‍ന്നുനില്‍ക്കാനും ഇന്ത്യക്കാരനു കഴിയണം. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ പുതുതലമുറയ്ക്കു സാധിക്കണം. വിദ്വേഷവും സംശയവും വളര്‍ത്താന്‍ ആരു ശ്രമിച്ചാലും അതിനെ മറികടക്കാനും വ്യവസ്ഥാപിത വഴികളിലൂടെ പ്രതീക്ഷാപൂര്‍വം മുന്നേറാന്‍ പുതിയ തലമുറയെ പ്രചോദനം നല്‍കാനുമാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയിലൂടെ ശ്രമിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷമായി മലയാളി മുസ്‌ലിംകളുടെ സാന്നിധ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്ര രക്ഷയ്ക്കു സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി മനുഷ്യജാലികയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്നത്. ഈ വര്‍ഷവും റിപബ്ലിക് ദിനത്തിന്റെ സായാഹ്‌നത്തില്‍ ഇന്ത്യയിലും വിവിധ അറബ് രാഷ്ട്രങ്ങളുള്‍പ്പെടെ നാല്‍പതു കേന്ദ്രങ്ങളില്‍ നടക്കുന്ന മനുഷ്യജാലിക ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളായ ധീരദേശാഭിമാനികളുടെ സ്മരണകളുണര്‍ത്തി കൈകോര്‍ക്കുകയാണ്. ജയ് ഹിന്ദ്
(എസ്.കെ.എസ്.എസ്.എഫ് ജനറല്‍
സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."