വ്യക്തിനിയമം: നിയമ കമ്മിഷന്‍ മുസ്‌ലിം രാജ്യങ്ങളിലെ നടപടികളും പഠിക്കുന്നു
ന്യൂഡല്‍ഹി: വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെടുന്ന ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ മുസ്്‌ലിംരാജ്യങ്ങളിലെ ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ദേശീയ നിയമകമ്മിഷന്‍ പഠന വിധേയമാക്കുന്നു. രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് കമ്മിഷന്‍ നേരത്തെ ചോദ്യാവലി പുറത്തുവിട്ടിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് കമ്മിഷന്റെ നടപടി. മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ബി.എസ് ചൗഹാന്‍ പറഞ്ഞു. പാകിസ്താന്‍, തുര്‍ക്കി തുടങ്ങിയ 18 മുസ്്‌ലിം രാജ്യങ്ങളില്‍ മുത്വലാഖ് (മൂന്നുമൊഴിയും ഒന്നിച്ച് ഉച്ചരിക്കല്‍) നിരോധിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരം നടപടികള്‍ ഇന്ത്യയിലും പ്രയോഗിക്കുന്നതിനെ കുറിച്ചു പഠിച്ചുവരികയാണെന്നും കമ്മിഷന്‍ അധ്യക്ഷന്‍ പറഞ്ഞു.
ഏകീകൃത വ്യക്തിനിയമം കൊണ്ടുവരേണ്ടതുണ്ടോ, നിലവിലെ വ്യക്തിനിയമം തന്നെ തുടരണോ, ഏകസിവില്‍കോഡ് ലിംഗനീതി ഉറപ്പാക്കുമോ തുടങ്ങിയ ചോദ്യങ്ങളടങ്ങിയ പട്ടിക ഒക്ടോബറിലാണ് നിയമ കമ്മിഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. മുത്വലാഖും ബഹുഭാര്യത്വവും നിര്‍ത്തലാക്കണോ?. ഏകസിവില്‍കോഡ് നടപ്പാക്കുന്നത് വിശ്വാസസ്വാതന്ത്ര്യത്തെ ഹനിക്കുമോ? തുടങ്ങിയ 16 ചോദ്യങ്ങളാണ് സൈറ്റിലുള്ളത്. ചോദ്യാവലിയോട് പ്രതികരിക്കാനായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, മുസ്‌ലിംമതസംഘടനകള്‍ എന്നിവയ്ക്കു കമ്മിഷന്‍ കത്തയച്ചിരുന്നു. ഇതിനുപുറമെ പൊതുജനങ്ങളില്‍ നിന്നും കമ്മിഷന്‍ മറുപടി ആരായുകയും ചെയ്തു. ചോദ്യാവലി ബഹിഷ്‌കരിക്കാനായിരുന്നു അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ഉള്‍പ്പെടെയുള്ള മുസ്്‌ലിം സംഘടനകളുടെ നിലപാട്. 40,000 പ്രതികരണങ്ങള്‍ വന്നിട്ടുണ്ടെന്നും ഇതെല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ബി.എസ് ചൗഹാന്‍ അറിയിച്ചു.
വിവാഹമോചനത്തിന്റെ കാര്യത്തില്‍ ഏകീകൃതനിയമം അനിവാര്യമാണെന്ന കേരളാ ഹൈക്കോടതിയുടെ അഭിപ്രായപ്രകടനവും ഈ വിഷയത്തില്‍ കമ്മിഷന്‍ പരിഗണിക്കും. വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം അനിവാര്യമാണെന്നും വിവാഹമോചനം ഖുര്‍ആന്‍ അനുശാസിക്കുന്ന വിധത്തിലല്ല ഇന്ത്യയില്‍ നടക്കുന്നതെന്നും വിവിധ ഹരജികള്‍ പരിഗണിക്കവെ കഴിഞ്ഞമാസം 17നാണ് കേരളാ ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
അനിയന്ത്രിതമായ വിവാഹമോചനംമൂലം മുസ്‌ലിംസ്ത്രീകള്‍ വളരെ ദുരിതം അനുഭവിക്കുന്നുണ്ടെന്നും വിശാലമായ നിയമനിര്‍മാണത്തിലൂടെ മാത്രമെ ഇതിനു പരിഹാരം കാണാന്‍കഴിയൂവെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുശ്താഖ് വ്യക്തമാക്കിയിരുന്നു. കേരളാ ഹൈക്കോടതിയുടെ ഈ നിരീക്ഷണങ്ങളും നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ നിയമകമ്മിഷന്‍ റഫറന്‍സ് ആയി എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."