കോണ്‍ഗ്രസിന് അധിക സീറ്റ്; എസ്.പിയില്‍ കലാപം
ലക്‌നോ: ഉത്തര്‍പ്രദേശില്‍ സഖ്യചര്‍ച്ച വിജയം കണ്ടെങ്കിലും കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയതില്‍ എസ്.പിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ആദ്യതെരഞ്ഞെടുപ്പ് റാലി സുല്‍ത്താന്‍പൂരില്‍ തുടക്കം കുറിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കിയതില്‍ എതിര്‍പ്പുമായി സീറ്റുമോഹികള്‍ കലാപക്കൊടി ഉയര്‍ത്തിയത്.
കോണ്‍ഗ്രസുമായുള്ള സഖ്യം മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന ആരോപണവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. സഖ്യചര്‍ച്ചയെത്തുടര്‍ന്ന് 403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 105 സീറ്റുകളാണ് നല്‍കിയത്.
ഇതാണ് എസ്.പിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി അഖിലേഷിന്റെ വസതിയില്‍ പ്രതിഷേധക്കാരുമായി അനുനയ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം.
കോണ്‍ഗ്രസുമായുള്ള സഖ്യം സമാജ്‌വാദി പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന വാദവും സംസ്ഥാനത്ത് ശക്തമായിട്ടുണ്ട്. സീറ്റ് ലഭിയ്ക്കാത്തവരാണ് ഈ ആരോപണം ഉന്നയിച്ചതെന്ന് അഖിലേഷ് അനുകൂലികള്‍ പറയുന്നു.
സമാജ്‌വാദി പാര്‍ട്ടിയിലെ ഭിന്നതയ്ക്കും ദേശീയ അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് മുലായത്തെ നീക്കി സ്വയം അവരോധിച്ച അഖിലേഷിന്റെ പ്രഖ്യാപനത്തിനും ശേഷം ഇതാദ്യമായാണ് പൊതുപരിപാടിയില്‍ അഖിലേഷ് യാദവ് പങ്കെടുക്കുന്നത്.
കോണ്‍ഗ്രസുമായുള്ള സഖ്യം വോട്ട് ചോരാന്‍ ഇടയാക്കുമെന്നും ഇതിന് തെളിവാണ് ബി.എസ്.പിയ്ക്കുണ്ടായതെന്നും പാര്‍ട്ടി നേതാക്കള്‍ വാദിക്കുന്നു. 1996ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മല്‍സരിച്ച മായാവതി 296 സീറ്റുകളില്‍ മല്‍സരിച്ച് 126 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയിരുന്നു.
33 സീറ്റുകളാണ് കോണ്‍ഗ്രസ് വിജയിച്ചത്. 20.13 ശതമാനം വോട്ടാണ് പാര്‍ട്ടിക്ക് കിട്ടിയത്. മായാവതിക്ക് 67 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്, കിട്ടിയ വോട്ടാകട്ടെ 27.73 ശതമാനവും. ഇതിന് ശേഷം പിന്നൊരിക്കലും കോണ്‍ഗ്രസുമായി സഖ്യത്തിന് മായാവതി തയാറായിട്ടില്ല.
അതേസമയം കഴിയുന്നത്ര എതിര്‍പ്പുകള്‍ ഒഴിവാക്കുന്നതിനായി മുലായം ചേരിയിലുള്ളവര്‍ക്കുകൂടി സീറ്റ് നല്‍കി പ്രതിസന്ധിയ്ക്ക്് അയവുവരുത്താന്‍ അഖിലേഷ് തയാറായിട്ടുണ്ട്. മുലായത്തിന്റെ സഹോദരനും അഖിലേഷിന്റെ കടുത്ത എതിരാളിയുമായ ശിവ്പാല്‍ യാദവിന് സീറ്റ് നല്‍കിയത് ഇതിന് തെളിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."