ഫണ്ടില്ല; വയോജനങ്ങള്‍ക്കുള്ള പകല്‍വീട് ഉപേക്ഷിക്കുന്നു
നിലമ്പൂര്‍: വയോജനങ്ങളെ സംരക്ഷിക്കുന്ന നിരവധി പദ്ധതികളില്‍ മികവുറ്റ പകല്‍ വീട് നഗരസഭ കൈവെടിയുന്നു. പകല്‍വീട് മുന്നോട്ട് കൊണ്ടുപോകാന്‍ ഫണ്ടില്ലെന്ന കാരണത്താലാണു നഗരസഭ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്നത്. നഗരസഭാ പരിധിയിലെ 60 വയസിനു മുകളിലുള്ളവര്‍ക്കായി ചന്തക്കുന്നു ഫാത്തിമാഗിരി റോഡിലാണു രണ്ടുവര്‍ഷം മുമ്പ് നഗരസഭ പകല്‍ വീട് ഒരുക്കിയത്.
സീനിയര്‍ സിറ്റിസണ്‍സിന്റെ നേതൃത്വത്തിലാണു സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്. 3000ത്തോളം പേര്‍ ഇതില്‍ അംഗങ്ങളാണ്. പ്രായംചെന്നവര്‍ പകല്‍ സമയം ഇവിടം ചെലവഴിക്കുകയും രാത്രി അവരവരുടെ വീടുകളിലേക്കു മടങ്ങുകയുമാണ് ചെയ്യുന്നത്. ചര്‍ച്ചകള്‍, പഠനാര്‍ഹമായ ക്ലാസുകള്‍ തുടങ്ങിയവ ഏറെ പ്രയോജനകരമാണ്. വയോജനങ്ങള്‍ക്കു കമ്പ്യൂട്ടര്‍ പരിശീലനം, തയ്യല്‍ പരിശീലനം, ബോധവത്കരണ പരിപാടികള്‍, യോഗ, തൊഴില്‍ പരിശീലനങ്ങള്‍, സമഗ്ര ആരോഗ്യ പദ്ധതികള്‍, വയോമിത്രം പദ്ധതി, നിയമ പരിരക്ഷ, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളാണു പകല്‍വീട്ടില്‍ ലഭ്യമാക്കിവരുന്നുണ്ട്.
5000ത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറിയും ഇവിടം ഒരുക്കിയിട്ടുണ്ട്. ലൈബ്രേറിയന്‍, വാര്‍ഡന്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെയും നിയമിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പ്രത്യേകം താല്‍പര്യം എടുത്താണു പകല്‍ വീട് ആരംഭിച്ചത്. വാടക, വൈദ്യുതി ചാര്‍ജ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയെല്ലാം നഗരസഭയാണു നല്‍കി വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസമായി നഗരസഭ പകല്‍ വീട്ടിലേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. മാസങ്ങളായി വാടകയും കുടിശികയായി കിടക്കുകയാണ്. നഗരസഭ ശ്രദ്ധിക്കാതിരുന്നതോടെ സീനിയര്‍ സിറ്റിസണ്‍സ് അംഗങ്ങള്‍ പിരിവെടുത്തും മറ്റുമാണു പകല്‍ വീടിന്റെ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ടുനീങ്ങുന്നത്.
ഫണ്ടില്ലെന്ന മറുപടിയാണു നഗരസഭാ അധികൃതരില്‍ നിന്നും ലഭിക്കുന്നത്. പകല്‍ വീട് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നഗരസഭയ്ക്ക് താല്‍പര്യമില്ലെന്ന തരത്തിലാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിരിക്കുന്നത്.
അധികൃതര്‍ മനസുവെച്ചില്ലെങ്കില്‍ നിലമ്പൂര്‍ നഗരസഭയിലെ വയോജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച പദ്ധതിയാണ് നാമവശേഷമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."