പിതാവിനെ തിരിച്ചറിഞ്ഞ അരുളിന്റെ കണ്ണുനിറഞ്ഞു
കോഴിക്കോട്: ഒരു മാസത്തിനു ശേഷം പിതാവിന്റെ ചേതനയറ്റ ശരീരം തിരിച്ചറിഞ്ഞപ്പോള്‍ 11 വയസുകാരനായ അരുള്‍ പോള്‍ വിതുമ്പി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മിനവര്‍ കോളനിയില്‍ തോബിയാസിന്റെ മകന്‍ കിങ്സ്റ്റണ്‍ (44) ന്റെ മൃതദേഹം തിരിച്ചറിഞ്ഞ മകന്‍ അരുളിന്റെ കണ്ണീര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കടുത്ത് കണ്ടുനിന്നവരുടേയും കണ്ണുകളെ ഈറനണിയിച്ചു. അരുളിന്റെ ഡി.എന്‍.എ ഒത്തുനോക്കിയാണ് കിങ്സ്റ്റണെ തിരിച്ചറിഞ്ഞത്.
രാവിലെ മുതല്‍ മൃതദേഹങ്ങള്‍ തിരഞ്ഞ് കണ്ടുപിടിച്ച് പെട്ടിയില്‍ അടക്കം ചെയ്ത് കൊണ്ടു പോകുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വയം സന്നദ്ധനായി എത്തിയ ഒളവണ്ണ പഞ്ചായത്തംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മഠത്തില്‍ അബ്ദുല്‍ അസീസിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തു നിന്നെത്തിയ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പ്രശംസിച്ചു. നടപടിക്രമങ്ങള്‍ക്ക് തഹസില്‍ദാര്‍ ഇ. അനിതകുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം ഹസീന മറിയം , തീരദേശ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഒ. സതീഷ് ബാബു നേതൃത്വം നല്‍കി. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ ഉള്‍പ്പെടെ ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ പത്ത് മൃതദേഹങ്ങള്‍ ഇതിനകം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ബാക്കി പതിമൂന്ന് മൃതദേഹങ്ങളില്‍ പതിനൊന്നെണ്ണം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും ഒന്ന് ബീച്ച് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലും ഒന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലുമായി സൂക്ഷിച്ചിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."