നെല്ലാംകണ്ടിയില്‍ പുഴ പുറമ്പോക്ക് ഭൂമി ഇടിച്ചുനിരത്തി കളിസ്ഥല നിര്‍മാണം
കോഴിക്കോട്: ഭൂമികയ്യേറ്റവും നിര്‍മാണ പ്രവൃത്തികളും മണലെടുപ്പും മൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന പൂനൂര്‍ പുഴയില്‍ പുഴ പുറമ്പോക്ക് ഭൂമി ഇടിച്ച് നിരത്തി കളിസ്ഥലം നിര്‍മിക്കുന്നു. കൊടുവള്ളി നഗരസഭയുടെ പരിധിയില്‍പെട്ട ദേശീയപാതയോട് ചേര്‍ന്ന നെല്ലാംകണ്ടിയിലാണ് ചൂഷണം നടക്കുന്നത്.
കൊടുവള്ളി നഗരസഭയുടെ അനുമതിയോടെയാണ് കളിസ്ഥലം നിര്‍മിക്കുന്നതെന്നാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ ഇക്കാര്യം സംബന്ധിച്ച് പ്രതികരിച്ചത്.
വിവിധ നിര്‍മാണ പ്രവൃത്തികള്‍ മൂലം പുഴ ഏറെ വീതികുറഞ്ഞുപോയ ഭാഗമാണിത്. ഒരു മാസത്തിനിടെ കൊടുവള്ളി നഗരസഭയുടെ പരിധിയില്‍പെട്ട പുഴ പുറമ്പോക്ക് ഭൂമിയില്‍ നടക്കുന്ന രണ്ടാമത്തെ കളിസ്ഥലം നിര്‍മാണമാണിത്. കിഴക്കോത്ത് കച്ചേരിമുക്കിലാണ് പ്രദേശത്തെ ക്ലബിന്റെ നേതൃത്വത്തില്‍ ഭൂമി ഇടിച്ചുനിരത്തി കളിസ്ഥലം നിര്‍മിച്ചത്.
ഇതിനു പിന്നാലെയാണ് നെല്ലാംകണ്ടിയില്‍ വീണ്ടും പുഴയോരം ഇടിച്ചുനിരത്തി കളിസ്ഥലം നിര്‍മിച്ചത്.
അവധി ദിവസമായ ഞായറാഴ്ചയാണ് വലിയ മരങ്ങള്‍ മുറിച്ചുമാറ്റി എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി കളിസ്ഥലമൊരുക്കിയത്.
ഇവിടുത്തെ മരങ്ങള്‍ മുറിച്ച പുഴയിലേക്ക് തള്ളി മണ്ണ് അതിന് മുകളിലേക്ക് നീക്കിയിട്ട നിലയിലാണ്. വരുന്ന വര്‍ഷക്കാലത്ത് പുഴയിലെ ശക്തമായ കുത്തൊഴുക്കില്‍ മണ്ണും മരവുമെല്ലാം പുഴയിലേക്ക് ഒലിച്ചെത്താനും പുഴയിലെ നീര്‍ക്കുഴികള്‍ അടയാനും കാരണമാകും. കൊടുവള്ളി നഗരസഭ പരിധിയില്‍ 220 ഏക്കറിലധികം പുഴ പുറമ്പോക്ക് ഭൂമിയുണ്ടെന്നാണ് റവന്യൂ രേഖകളില്‍ പറയുന്നത്.
ഇത് എവിടെയാണെന്നോ ആരുടെയെല്ലാം കൈവശമാണെന്നോ നഗരസഭക്കോ വില്ലേജ് അധികൃതര്‍ക്കോ അറിയില്ല. പുഴയോരത്തെ പറമ്പുകളോട് ചേര്‍ന്ന് നാലുമീറ്ററിലധികം ഉയരത്തിലാണ് മണ്ണ് ജെ.സി.ബി ഉപയോഗിച്ച് എടുത്തിരിക്കുന്നത്.
ഈ ഭാഗം ഒരു കാലവര്‍ഷത്തെ അതിജീവിക്കുന്ന കാര്യം സംശയമാണ്. ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."