തോട്ടം മേഖലയില്‍ സാമൂഹ്യഇടപെടല്‍ ശക്തമാക്കണം: സെമിനാര്‍
മേപ്പാടി: തേയിലതോട്ടം മേഖലയില്‍ സാമൂഹ്യ ഇടപെടല്‍ ശക്തമാക്കണമെന്ന് സെമിനാര്‍. സമഗ്ര വയനാട് വികസന സെമിനാറിന്റെ ഭാഗമായി 'തോട്ടംപ്രതിസന്ധിയും പരിഹാരവും ഭൂപരിഷ്‌കരണാനന്തര രണ്ടാംതലമുറ ഭൂപ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ മേപ്പാടിയില്‍ നടത്തിയ പ്രാദേശിക സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. തോട്ടം മേഖലയില്‍ തൊഴിലാളികളുടെ ജോലിസുരക്ഷിതത്വത്തില്‍ കനത്ത വെല്ലുവിളി നേരിടുകയാണ്. ഇത് മറികടക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണ്.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. അതോടൊപ്പം വന്‍കിട മൂലധന ഉടമസ്ഥത ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവരണം. ഇതിലൂടെ തോട്ട ഭൂമിക്ക് പരിധി നിശ്ചയിച്ച് അധികമുള്ള തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.
ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് ത്രിപുരയിലെ 'ദുര്‍ഗഭാരി തൊഴിലാളി സംഘം' പോലെ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കും മുന്‍പ് ശക്തമായ സാമ്പത്തിക-തൊഴില്‍ മേഖലയായിരുന്നു തേയിലതോട്ടങ്ങള്‍. ആകെ ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കിയിരുന്ന സ്ഥാപനങ്ങള്‍ നിലവില്‍ 70ല്‍ ഒന്നായി മാറി.
ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്നും വയനാട്ടിലെ തോട്ടങ്ങളെ ഒഴിവാക്കിയത് പ്ലാന്റേഷന്‍ ലേബര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതിനാലാണ്. എന്നാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥ-രാഷ്ട്രീയ പിന്തുണയോടെ തോട്ടഭൂമികള്‍ തോട്ടം തുണ്ടംതുണ്ടമായി മുറിച്ച് വില്‍ക്കുകയാണ്. ചെറുകിടക്കാരെ മാറ്റിനിര്‍ത്തി ഇത്തരം ഭൂമി തിരിച്ച്പിടിക്കണം. തോട്ടം തൊഴിലാളികള്‍ക്ക് ഇന്ന് ലഭിക്കുന്ന കൂലി 301 രൂപയാണ്.
ഇത് അപര്യാപ്തമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ലേബര്‍ ആക്ടില്‍ പറയുന്ന താമസം, വെള്ളം, വിദ്യാഭ്യാസം, ചികിത്സ, കുട്ടികളുടെ കലാകായിക കഴിവുകള്‍ വളര്‍ത്തുന്നതില്‍ നിന്നെല്ലാം ഭൂരിപക്ഷം തോട്ട ഉടമകളും പുറകോട്ട് പോയി. പഴയ കങ്കാണി സമ്പ്രദായത്തിന്റെ പുതിയ രീതികളിലാണ് പല തോട്ടം ഉടമകളും തൊഴിലാളികളോട് പെരുമാറുന്നത്.
ഇതാകട്ടെ തൊഴിലാളികളെ മാറാരോഗികളാക്കി മാറ്റുന്നു. പുതിയ തലമുറ ഈ മേഖലയിലേക്ക് ഇറങ്ങാന്‍ വിമുഖത കാണിക്കുന്നത് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും അസംഘടിതരായ തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് തൊഴിലാളികളാക്കുകയാണ്.
സംഘടിത തൊഴിലാളികളുടെ വിലപേശല്‍ ശേഷി കുറക്കുകയാണ് ഉടമകളുടെ തന്ത്രമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാര്‍ പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി പഞ്ചായത്ത് മുന്‍പ്രസിന്റ് പി ഗഗാറിന്‍ വിഷയം അവതരിപ്പിച്ചു.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് അധ്യക്ഷനായി. പ്രൊഫ. ബാലഗോപാലന്‍, പ്രൊഫ. ജോസ് ജോര്‍ജ്, ടി ഹംസ, എ ബാലചന്ദ്രന്‍, മുഹമ്മദ് ഷാഫി, കെ ശിവദാസന്‍, കെ.ടി ബാലകൃഷ്ണന്‍, യു കരുണന്‍ സംസാരിച്ചു. മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിഹരന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."