ഡീസലില്ല: ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മുടങ്ങി
സുല്‍ത്താന്‍ ബത്തേരി: ഡീസല്‍ എത്താത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഭാഗികമായി മുടങ്ങി. രാവിലെ ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട സര്‍വിസുകളാണ് ഇന്ധനം തീര്‍ന്നതോടെ ഉച്ചക്ക് ശേഷം മുടങ്ങിയത്. ദീര്‍ഘ ദൂര സര്‍വിസുകളും ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വിസുകളുമാണ് മുടങ്ങിയത്. ബത്തേരി-കോഴിക്കോട്, ബത്തേരി -മാനന്തവാടി, ബത്തേരി-ഗുണ്ടല്‍പേട്ട, ബത്തേരി -അയ്യംകൊല്ലി, താളൂര്‍,പാട്ടവയല്‍, അമ്പലവയല്‍, മേപ്പാടി, പുല്‍പ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സര്‍വിസുകളാണ് മുടങ്ങിയത്.
സ്വകാര്യ ബസ് സമരമായതിനാല്‍ കെ.എസ്.ആര്‍.ടി.സി കൂടി പണിമുടക്കിയതോടെ നിരവധി യാത്രക്കാര്‍ പെരുവഴിയിലായി. സര്‍വിസ് നടത്തുന്നതിനാവശ്യമായ ഇന്ധനം പുറത്തു നിന്നും അടിക്കുന്നതിനോ നിറുത്തിയിട്ടിരിക്കുന്ന ബസുകളില്‍ നിന്നും ഇന്ധനമെടുത്ത് ബസുകളില്‍ നിറക്കുന്നതിനോ അനുമതി ലഭിക്കാത്തതാണ് സ്വകാര്യബസ് സമര ദിനത്തില്‍ പോലും ഇത്തരത്തില്‍ സര്‍വിസുകള്‍ മുടങ്ങാന്‍ കാരണമായത്. തുടര്‍ന്ന് വൈകുന്നേരത്തോടെ മറ്റു ബസുകളിലെ ഡീസലെടുത്ത് മുടങ്ങിയ സര്‍വിസ് ഭാഗികമായി പുനരാംഭിക്കുകയായിരുന്നു.
കലക്ഷന്‍ ലഭിക്കുന്ന സമര ദിനത്തില്‍ പോലും സര്‍വിസ് മുടങ്ങിയതിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. മാനേജ്‌മെന്റിന്റെ ഇത്തരം നടപടിയെ കുറിച്ച് മന്ത്രതല അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."