കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലേക്ക്
മാനന്തവാടി: ജില്ലയില്‍ കരിങ്കല്‍ ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമാവുകയും ചുരം വഴി ടിപ്പറുകള്‍ക്കുള്‍പ്പെടെ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തതോടെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്.
ആദിവാസി ഭവന നിര്‍മാണം, ചെറുകിടക്കാര്‍ക്ക് സ്വന്തമായി വീട്‌നിര്‍മാണം തുടങ്ങി സാധാരണക്കാരെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.
നിലവിലുള്ള കരിങ്കല്‍ ക്വാറികളില്‍ നിന്ന് വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് യാതൊരു മാനദണ്ഡവുമില്ലാതെ വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ആദിവാസി വീട് നിര്‍മാണം കാരറെടുത്ത പട്ടികവര്‍ഗ സൊസൈറ്റികളുള്‍പ്പെടെ നിര്‍മാണം നിര്‍ത്തി വെക്കേണ്ട അവസ്ഥയിലാണ്.
മാസങ്ങള്‍ക്ക് മുമ്പ് 2400രൂപക്ക് ക്വാറികളില്‍ നിന്ന് ലഭിച്ചിരുന്ന ബോളര്‍ കരിങ്കല്ലിന് ആറ് മാസത്തിനിടെ വര്‍ധിപ്പിച്ചത് 850 രൂപയാണ്. നിലവില്‍ വെള്ളമുണ്ട പഞ്ചായത്തിലുള്ള രണ്ട് ക്വാറികളില്‍ നിന്ന് ബില്ല് സഹിതം 3250 രൂപക്കും ബില്ലില്ലാതെ 3000 രൂപക്കുമാണ് ബോളര്‍ കല്ല് നല്‍കി വരുന്നത്.
ഒരു ദിവസം മുഴുവന്‍ കാത്തിരുന്നാല്‍ മാത്രമെ ഒരു ട്രിപ്പ് ഓടാന്‍ കഴിയുവെന്ന കാരണം പറഞ്ഞ് 3000 രൂപ വാടക വാങ്ങിയാണ് ടിപ്പറുടമകള്‍ 6000 രൂപക്ക് കല്ല് നല്‍കി വരുന്നത്. അര ഇഞ്ച് മെറ്റലിന് മുക്കം ഭാഗങ്ങളില്‍ നിന്ന് അടിക്ക് 24 രൂപക്ക് ലഭിക്കുമ്പോള്‍ പന്തിപ്പൊയിലില്‍ 38 രൂപയും കോറോത്ത് 41 രൂപയുമാണ് വില ഈടാക്കുന്നത്. മുക്കം ഭാഗങ്ങളില്‍ നിന്ന് മൊത്തമായി ഇറക്കിവെച്ച് ചില്ലറ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളിലും അടിക്ക് 50 രൂപയോളം വിലവാങ്ങിക്കുന്നുണ്ട്.
50 രൂപക്ക് കോഴിക്കോട് ജില്ലയില്‍ ലഭിക്കുന്ന എംസാന്റിന് 70 രൂപാ പ്രകാരമാണ് ജില്ലയില്‍ വില്‍പ്പന നടത്തുന്നത്. യാതൊരു നിയന്ത്രണങ്ങളും വിലയുടെ കാര്യത്തില്‍ കൊണ്ടു വരാന്‍ ജില്ലാ ഭരണകൂടത്തിന് കഴിയുന്നില്ല. വന്‍കിട നിര്‍മാതാക്കള്‍ റിസോര്‍ട്ടുകളും വാണിജ്യ സമുച്ചയങ്ങളും വ്യാപാര സ്ഥാപനങ്ങളും പണിതുയര്‍ത്താന്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ നിന്ന് കുറഞ്ഞ വിലക്ക് ഉയര്‍ന്ന അളവില്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ നേരിട്ടിറക്കുമ്പോള്‍ ജി.എസ്.ടിയുടെയും ചുരം റോഡ് ഗതാഗത തടസത്തിന്റെയും പേര് പറഞ്ഞ് സാധരണക്കാരായവരുടെ വീട് നിര്‍മാണമാണ് ചൂഷണത്തിനിരയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."