തര്‍ക്കം തീരാതെ കൂട്ടുപുഴ പാലം കേരള -കര്‍ണാടക ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു
ഇരിട്ടി: കൂട്ടുപുഴ പാലം നിര്‍മാണ സ്ഥലവുമായി ബന്ധപ്പെട്ട് കേരള-കര്‍ണാടക തര്‍ക്കം തുടരുന്നു. ഇരുസംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനക്കായി ഇന്നലെ സ്ഥലത്തെത്തിയെങ്കിലും കര്‍ണാടകം പരിശോധന പ്രഹസനമാക്കി. 1908ലെ രേഖകളുമായാണ് കര്‍ണാടക വനം വകുപ്പ്, റവന്യൂ അധികൃതര്‍ പരിശോധനക്കെത്തിയത്. അന്ന് ബ്രഹ്മഗിരി വന്യജീവി സങ്കേതം രൂപീകരിച്ചപ്പോള്‍ തീരുമാനിച്ച രേഖയാണിത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇരിട്ടി തഹസില്‍ദാര്‍ അടക്കമുള്ള കേരള ഉദ്യോഗസ്ഥ സംഘം തയാറായില്ല.
സംസ്ഥാന രുപീകരണ ഘട്ടത്തില്‍ സംയുക്തമായി അതിര്‍ത്തി നിര്‍ണയിച്ചു ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച അതിര്‍ത്തിരേഖ കാണിക്കാന്‍ റവന്യൂ സംഘം ആവശ്യപ്പെട്ടെങ്കിലും കര്‍ണാടക ഉദ്യോഗസ്ഥര്‍ തയാറായില്ല. രേഖപ്രകാരം കേരളത്തിന്റെ സ്ഥലത്തു തന്നെയാണ് തങ്ങള്‍ പാലം പൂര്‍ണമായും നിര്‍മിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതെ കര്‍ണാടക അധികൃതര്‍ തങ്ങളുടെ വാദം കടുപ്പിക്കുകയും യാതൊരു വിധത്തിലും പണി തുടരാന്‍ പാടില്ലെന്ന് അറിയിച്ച് തിരിച്ചുപോവുകയുമായിരുന്നു.
അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ഉന്നത ഇടപെടല്‍ വിഷയത്തില്‍ വേണ്ടിവരുമെന്ന് ഇതോടെ ഉറപ്പായി. കഴിഞ്ഞ ആഴ്ചയാണ് ബ്രഹ്മഗിരി വന്യജീവി വിഭാഗം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൂട്ടുപുഴ പാലം നിര്‍മിക്കുന്ന കര്‍ണാടകത്തിന്റെ ഭാഗത്ത് പുതിയ സര്‍വേക്കല്ല് സ്ഥാപിച്ച് പാലം നിര്‍മാണം തടഞ്ഞത്. കൂട്ടുപുഴയിലെ പാലം നിര്‍മിക്കുന്ന പുഴയുടെ കര്‍ണാടകത്തിന്റെ ഭാഗത്തുള്ള പുഴ വരെയുള്ള സ്ഥലം തങ്ങളുടേതാണെന്ന് വാദിച്ചായിരുന്നു നടപടി. എന്നാല്‍ അതിര്‍ത്തി തിരിച്ച് ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച രേഖ ഉണ്ടെന്നിരിക്കെ ഇതു മറച്ചുവയ്ക്കുകയായിരുന്നു. ഈ ഭാഗത്ത് വീടുവച്ചു താമസിക്കുന്നവരും കേരളത്തിലെ വില്ലേജ് ഓഫിസില്‍ കാലങ്ങളായി നികുതി അടക്കുന്നവരുമായ മൂന്നു കുടുംബങ്ങളെ കെ.എസ്.ടി.പി നിയമാനുസൃതമായ നഷ്ടപരിഹാരം നല്‍കിയാണ് പാലം നിര്‍മാണത്തിനായി ഒഴിപ്പിച്ചത്. അതേസമയം കൂട്ടുപുഴ -മാക്കൂട്ടം റോഡുമായി ബന്ധപ്പെട്ട യാതൊരു രേഖയും കര്‍ണാടകത്തിന്റെ ഓഫിസുകളില്‍ ലഭ്യമല്ലെന്ന വിവരമാണ് ഇരിട്ടി തഹസില്‍ദാര്‍ നടത്തിയ അന്വേഷണങ്ങളില്‍ അറിയാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."