കസ്തൂരിരംഗന്‍ ഇടവേളയ്ക്കു ശേഷം വീണ്ടും ചര്‍ച്ചയാകുന്നു
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രതികൂല സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഒരിടവേളക്കുശേഷം വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് തയാറാക്കിയ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇ.എസ്.എ) ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അന്തിമമായി അംഗീകരിച്ചിട്ടില്ലാത്ത നിലയ്ക്ക് അതു പ്രസക്തമല്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തിനെതിരെ ഇടുക്കിയില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.
ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നതിന് ഘടക വിരുദ്ധമായ നിലപാടാണ് പരിസ്ഥിതിലോല പ്രശ്‌നത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. മുന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമ്മേളനത്തിന്റെ തീരുമാന പ്രകാരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങള്‍ വരുന്ന ഭൂമിയും കൃഷി ഭൂമിയും അധിവാസ കേന്ദ്രങ്ങളും തോട്ടങ്ങളും ഒഴിവാക്കി വ്യക്തമായ സര്‍വ്വേ നമ്പരുകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെടേണ്ട ഭൂമിയുടെ രൂപരേഖയും റിപ്പോര്‍ട്ടും കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ മുമ്പ് കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തിരസ്‌കരിച്ചിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ മുമ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധിവാസ കേന്ദ്രങ്ങളും മറ്റും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതാണ്. എന്നാല്‍ ഈ സമയത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും അംഗീകരിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൂട്ടിക്കല്‍ വില്ലേജിലെ പെട്ര ക്രഷേഴ്‌സിന് അനുകൂലമായി 2006 ഏപ്രില്‍ 29നു സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണു സര്‍ക്കാരും സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയും അപ്പീല്‍ നല്‍കിയത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ശുപാര്‍ശയിന്‍മേലുള്ള കരടു വിജ്ഞാപനമനുസരിച്ച്, കേസില്‍ ഉള്‍പ്പെട്ട ഭൂമി ഇ.എസ്.എ അല്ലാത്ത നിലയ്ക്കു പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷ പരിഗണിക്കാനായിരുന്നു നിര്‍ദേശം.
സര്‍ക്കാര്‍ സത്യവാങ്മൂലത്തിനെതിരെ ജില്ലയില്‍ യു.ഡി.എഫും കേരളാ കോണ്‍ഗ്രസും (എം) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നടപടി കൊടിയ ജനവഞ്ചനയാണെന്ന് യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ .എസ് അശോകനും കണ്‍വീനര്‍ റ്റി.എം സലീമും പ്രസ്താവനയില്‍ പറഞ്ഞു. ജൈവവൈവിധ്യ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനു വിരുദ്ധമായി ഹൈക്കോടതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള തര്‍ക്കങ്ങള്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള ശക്തമായ പ്രതിക്ഷേധ സമരങ്ങള്‍ ആരംഭിക്കുവാന്‍ നിര്‍ബന്ധിതമാവുമെന്നും യുഡിഎഫ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഹര്‍ത്താലും സമരവും നടത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതിയും, ഇടുക്കി എം.പി യും സത്യവാങ്മൂലം സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ഫലത്തില്‍ അംഗീകരിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത് ഇടുക്കി ജില്ലയോടുള്ള വെല്ലുവിളിയും ശക്തമായ പ്രതിഷേധാര്‍ഹവുമാണെന്നും ഇതിനെതിരെ കര്‍ഷകര്‍ ഒന്നടങ്കം രംഗത്തുവരുമെന്നും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."