കോഴിക്കളിയാട്ടം; വരവറിയിച്ച് പൊയ്കുതിര സംഘങ്ങള്‍
തേഞ്ഞിപ്പലം: ചരിത്രപ്രസിദ്ധമായ മൂന്നിയൂര്‍ കോഴിക്കളിയാട്ടത്തിന്റെ വരവറിയിച്ച് പൊയ്കുതിര സംഘങ്ങളുടെ ഊരു ചുറ്റല്‍. കുരുത്തോലയും തുണിയും മുളയും കൊണ്ടുണ്ടാക്കിയ പൊയ്കുതിരകളേയും കൊണ്ടാണ് സംഘം ഊരു ചുറ്റുന്നത്. സമീപ പഞ്ചായത്തുകളിലൊക്കെ കഴിഞ്ഞ ദിവസങ്ങളായി പൊയ്കുതിര സംഘങ്ങളുടെ ശബ്ദഘോഷങ്ങളാണ്. മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളുമടക്കം പത്ത് പേരില്‍ കുറയാത്ത സംഘങ്ങളായിട്ടാണ് പൊയ്കുതിരയുടെ ഊരുചുറ്റല്‍. സംഘം ചെണ്ടമേളവും നൃത്തച്ചുവടുകളുമായി വീടുകളിലും കടകളിലും കയറിയിറങ്ങി സംഭാവനകള്‍ സ്വീകരിക്കുന്നു.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് പൊയ്കുതിര സംഘങ്ങള്‍ കുറവാണെന്ന് പഴമക്കാര്‍ പറയുന്നു. ചക്ക, മാങ്ങ,തേങ്ങ പോലെയുള്ള കാര്‍ഷികവിഭവങ്ങളായിരുന്നു വീടുകളില്‍ നിന്നും മുമ്പൊക്കെ ലഭിച്ചിരുന്നത്. ഇപ്പോള്‍ പണമായിട്ടാണ് മിക്ക വീടുകളില്‍ നിന്നും പൊയ്കുതിരസംഘത്തിന് ലഭിക്കുന്നത്. സംഘങ്ങള്‍ ഊരു ചുറ്റിയ പൊയ്കുതിരകളുമായി ഇന്ന് കളിയാട്ടക്കാവിലേക്ക് പോകും. മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കോഴിക്കളിയാട്ടത്തിന്റെ പ്രധാനചടങ്ങാണ് പൊയ്കുതിര സംഘങ്ങളുടെ വരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."