കെ.എസ്.ആര്‍.ടി.സി കാസര്‍കോട്-മൈസൂര്‍ സര്‍വിസ് കട്ടപ്പുറത്തായി
കാസര്‍കോട്: കാസര്‍കോട് ഡിപ്പോയില്‍ നിന്നു രാവിലെ കാഞ്ഞങ്ങാട്,പാണത്തൂര്‍ വഴി മൈസൂരിലേക്ക് ആറു മാസം മുമ്പ് ആരംഭിച്ച ബസ് ഓട്ടം നിര്‍ത്തി ഒരു മാസം പിന്നിട്ടു. ഏറെ കൊട്ടിഘോഷിച്ചു ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ആരംഭിച്ച ഈ ബസ് രാവിലെ 6.25നു കാസര്‍കോട് ഡിപ്പോയില്‍ നിന്നു മൈസൂരിലേക്ക് പുറപ്പെട്ടു രാത്രി പത്തോടെ തിരികെയെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.
ഈ രീതിയില്‍ ഓട്ടം തുടങ്ങിയ ബസ് കാസര്‍കോട്,കാഞ്ഞങ്ങാട്,പാണത്തൂര്‍, കരിക്കൈ, ബാഗമണ്ഡലം തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മൈസൂരിലെത്താന്‍ സഹായകരമായിരുന്നു. എന്നാല്‍ പലപ്പോഴും കൃത്യസമയത്തു ബസ് കാസര്‍കോട്ടേക്ക് തിരിച്ചെത്താതിരിക്കുന്നതും യാത്രക്കാര്‍ കുറവായതും ജീവനക്കാരുടെ എണ്ണത്തിലെ കുറവും കാരണമാണ് ബസ് സര്‍വിസ് നിര്‍ത്തലാക്കിയതെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. ഒരു ബസ് കൊണ്ടാണ് ഈ സര്‍വിസ് നടത്തിയിരുന്നത്.
അതേ സമയം കര്‍ണാടക ആര്‍.ടി.സി രാവിലെ ആറോടെ മംഗളൂരുവില്‍ നിന്നു മൈസൂരിലേക്ക് ഇതു പോലെ സര്‍വിസ് നടത്തി വരുന്നുണ്ട്. മംഗളൂരുവില്‍ നിന്നു കാസര്‍കോട്, കാഞ്ഞങ്ങാട്, പാണത്തൂര്‍, കരിക്കൈ, ബാഗമണ്ഡലം വഴിയാണ് ഈ ബസും സര്‍വിസ് നടത്തുന്നത്. എന്നാല്‍ കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ രണ്ടു ബസുകളാണ് ഈ റൂട്ടില്‍ ഓടിക്കുന്നത്. രാവിലെ ആറിന് മംഗളൂരുവില്‍ നിന്ന് ഓടിത്തുടങ്ങുന്ന ബസ് ഉച്ചക്ക് ശേഷം മൈസൂരിലെത്തുകയും തുടര്‍ന്ന് അവിടെ ഹാള്‍ട്ട് ചെയ്യുകയുമാണ്. പ്രസ്തുത ബസ് പിറ്റേ ദിവസം രാവിലെയാണ് തിരികെ മംഗളൂരുവിലേക്കു പുറപ്പെടുന്നത്. ഈ രീതിയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ബസുകള്‍ നിത്യവും ഓടിച്ചു തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിട്ടു. അവര്‍ നല്ല ഈ റൂട്ടില്‍ നല്ല കലക്ഷന്‍ നേടുന്നുമുണ്ട്. മൈസൂരിലേക്ക് സര്‍വിസ് നടത്തിയിരുന്ന ബസ് ഇതര ജില്ലയിലേക്ക് കടത്തിയതായും സൂചനയുണ്ട്. ഇനി ഈ സര്‍വിസ് ഉണ്ടാകില്ലെന്ന സൂചനയാണ് ഡിപ്പോ അധികൃതരില്‍ നിന്നു ലഭിക്കുന്നത്.
അതേ സമയം കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാരുടെയും ബസുകളുടെയും എണ്ണത്തില്‍ കുറവ് വന്നതോടെ പല സര്‍വിസുകളും നിര്‍ത്തലാക്കി.
ജില്ലയിലെ പ്രധാന ഡിപ്പോയായ കാസര്‍കോട്ട് 38 ഡ്രൈവര്‍മാരുടെയും നാല്‍പതിലധികം കണ്ടക്ടര്‍മാരുടെയും ഒഴിവുകളാണ് നികത്താനുള്ളത്.
ഇതു കാരണമായി ദേശീയപാതയിലും സംസ്ഥാന പാതയിലും പല സര്‍വിസുകളും അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന പാതകളില്‍ യാത്രക്കാര്‍ക്ക് ഇത് കടുത്ത ദുരിതമാണ് വരുത്തി വെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."