ഫുട്ബോള്‍ കളിക്കിടെ മൈതാനത്തിറങ്ങിയ വിദ്യാര്‍ഥിക്കു മര്‍ദനമേറ്റു
തൃക്കരിപ്പൂര്‍: ഗോള്‍ നേടുന്നതു കണ്ട് ആവേശം മൂത്തു ഗ്രൗണ്ടിലിറങ്ങിയ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് അക്രമിച്ചതായി പരാതി. സാരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെഡ്സ്റ്റാര്‍ ഇളമ്പച്ചി മെട്ടമ്മല്‍ ബ്രദേഴ്സ് മെട്ടമ്മല്‍ എന്നിവര്‍ സംയുക്തമായി കഴിഞ്ഞ 15 മുതല്‍ ഇളമ്പച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു വരുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിനിടെയാണു സംഭവം.
വിദ്യാര്‍ഥി താന്‍ ഇഷ്ടപ്പെടുന്ന ടീം എതിര് ടീമിന്റെ ഗോള്‍ വലയം കുലുക്കിയതോടെയാണ് വിദ്യാര്‍ഥി കളിമൈതാനത്തേക്ക് ചാടിയിറങ്ങി ആവേശം കാണിച്ചത്. ഇത് ഇഷ്ടപ്പെടാത്ത ഏതാനും പേര് ചേര്‍ന്ന് ഗാലറിയില്‍ കെട്ടിയ പട്ടികയെടുത്ത് വിദ്യാര്‍ഥിയുടെ തലക്ക് അടിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് 30 പേര്‍ക്കെതിരേ ചന്തേര പൊലിസ് കേസെടുത്തിട്ടുണ്ട്. തൃക്കരിപ്പൂരിന്റെ ഫുട്ബോള്‍ ആവേശം തല്ലിക്കെടുത്തിയതു സംഘാടകരായ ഏതാനും ആളുകളാണെന്നു സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണവും വന്നതോടെ ക്ഷമാപണവുമായി സംഘാടകരും എത്തി.
കളിക്കിടെ ഉണ്ടായ സംഭവത്തെ ന്യായികരിക്കുന്നില്ലെന്നും സംഭവത്തില്‍ ക്ഷമാപണം നടത്തുകയാണെന്നും സംഘാടകരും വാട്സാപ്പ് വഴി പ്രചരണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."